ന്യൂഡൽഹി : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം പൂർണ്ണമായും തകർന്നടിഞ്ഞു. ബഹവൽപൂരിലെ സുബ്ഹാൻ അല്ലാഹ് ക്യാമ്പ് നാമാവശേഷമായതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സുബ്ഹാൻ അല്ലാ ക്യാമ്പിനുള്ളിലെ തകർന്ന ജാമിയ മസ്ജിദിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനവും ശക്തികേന്ദ്രമായിരുന്നു സുബ്ഹാൻ അല്ലാ ക്യാമ്പ്. ഇന്ത്യ ലക്ഷ്യമിട്ട ഒമ്പത് ഭീകര ക്യാമ്പുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്. ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെ ആയിട്ടായിരുന്നു ഈ ക്യാമ്പ് സ്ഥിതി ചെയ്തിരുന്നത്. 18 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സുബ്ഹാൻ അല്ലാഹ് ക്യാമ്പ് ഉസ്മാൻ-ഒ-അലി കാമ്പസ് എന്നും അറിയപ്പെട്ടിരുന്നു. 2002 ൽ പാകിസ്താൻ ജെയ്‌ഷെ മുഹമ്മദിനെ ഔദ്യോഗികമായി നിരോധിച്ചിരുന്നു എങ്കിലും രഹസ്യമായി ഭീകര പരിശീലന ക്യാമ്പ് നടത്തുന്നതിന് പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചിരുന്നു.
ജെയ്‌ഷെ മുഹമ്മദിന്റെ റിക്രൂട്ട്‌മെന്റ്, ഫണ്ട്‌റൈസിംഗ്, ഇൻഡോക്ട്രിനേഷൻ എന്നിവയ്ക്കുള്ള പ്രധാന സങ്കേതം ആയിരുന്നു ഇന്ത്യ തകർത്തു കളഞ്ഞ സുബ്ഹാൻ അല്ലാഹ് ക്യാമ്പ്. 2001-ലെ പാർലമെന്റ് ആക്രമണം, 2016-ലെ പത്താൻകോട്ട് ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യൻ മണ്ണിൽ നടന്ന നിരവധി മാരകമായ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുള്ള ഭീകര സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്.
Discussion about this post