ഇന്ത്യ മാരകായുധം പ്രയോഗിച്ചത് ജയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രം തകർക്കാനെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ വൃത്തങ്ങൾ. പാകിസ്താന് ഇന്നലെ നൽകിയ പ്രഹരമാണ് വെടിനിർത്തൽ ധാരണയിലേക്കെത്താൻ നിർണായകമായത്. വ്യോമസേന താവളങ്ങളുടെ റൺവേ അടക്കം തകർത്തു. ഇന്നലെ പാകിസ്താൻ നടത്തിയ ലംഘനത്തിന് തിരിച്ചടി നൽകും. സർജിക്കൽ സ്‌ട്രൈക്ക് നടന്ന ദിവസം തന്നെ ഇന്ത്യ ചർച്ചയ്ക്കു തയ്യാറെന്ന് അറിയിച്ചുവെന്നും വിവരങ്ങളുണ്ട്.
അടിച്ചാൽ ഇരട്ടി തിരിച്ചടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകിയത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസിനോട് പാകിസ്താൻ അടിച്ചാൽ തിരിച്ചടിക്കും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്തെങ്കിലും പോംവഴിയുണ്ടോ എന്ന ചോദ്യത്തിന് പാകിസ്താൻ പിൻവാങ്ങുക എന്ന വഴിയേ ഉള്ളൂവെന്നുമായിരുന്നു മോദിയുടെ മറുപടി.
പാകിസ്താൻ കൂടുതൽ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്നാണ് ജെഡി വാൻസ് അറിയിച്ചത്. ഇതിന് അതിനെക്കാൾ അടി നൽകുമെന്നും മോദി അറിയിച്ചു. ഭീകരരെ കൈമാറാനാണെങ്കിൽ ചർച്ച നടത്താം. കശ്മീരിൽ ആരുമായും ഒരു ചർച്ചയുമില്ല. ഭീകരരെ മണ്ണിൽ ലയിപ്പിക്കും എന്ന നയം നടപ്പാക്കി. ഭീകരത അവസാനിപ്പിക്കാതെ നദീജല കരാർ മരവിപ്പിച്ചത് പുനപരിശോധിക്കില്ലെന്നും രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നുമാണ് ഇന്ത്യയുടെ നിലപാടെന്നും മോദി വ്യക്തമാക്കി.
ഒരു മണിക്ക് ചർച്ചയാവാമെന്ന് ഇന്നലെയാണ് പാകിസ്താൻ അറിയിച്ചത്. എന്നാൽ ഇന്ത്യ 3.30ന് ചർച്ച എന്നുള്ള സമയം അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ തലത്തിൽ ചർച്ചകൾ നടത്താൻ പാകിസ്താൻ നിർദ്ദേശിച്ചെങ്കിലും, എൻഎസ്എ തലത്തിലോ വിദേശകാര്യ മന്ത്രി തലത്തിലോ അത്തരം ചർച്ചകളൊന്നും നടന്നില്ല; സംഭാഷണങ്ങൾ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) യിൽ മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു. വെടിനിർത്തൽ ധാരണയായെന്ന് ട്രംപിനെ അറിയിച്ചത് പാകിസ്താനാണെന്നും ട്രംപ് ഈ കാര്യം പ്രഖ്യാപിക്കും മുൻപ് ഇന്ത്യയുമായി ആശയവിനിമയം നടത്തിയില്ലെന്നും റിപ്പോർട്ടുകൾ.
Discussion about this post