ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ സലാൽ, ബഗ്‌ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടികൾ വേഗത്തിലാക്കി ഇന്ത്യ. എക്കൽ നീക്കുന്നത് മാസം തോറും നടത്താൻ ഇന്ത്യ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ പാകിസ്താൻ എതിർത്താലും പുല്ലുവിലയായിരിക്കും കൽപ്പിക്കുക.
വൈദ്യുതി ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നതിനാലാണ് ഡാമിലെ എക്കൽ നീക്കുന്നതെന്നാണ് ഇന്ത്യയുടെ വിശദീകരണം. മെയ് മാസത്തിന്റെ തുടക്കത്തിൽ നടത്തിയ എക്കൽ, മണൽ നീക്കം ഇനി എല്ലാ മാസവും നടത്താമെന്നാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നൽകിയത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീ ജല ഉടമ്പടി നിർത്തിവെച്ചിരുന്നു. പിന്നാലെ സലാൽ, ബഗ്‌ളിഹാർ അണക്കെട്ടുകളിൽ നിന്നും വെള്ളമൊഴുക്കുന്നത് ഒരു ഘട്ടത്തിൽ നിർത്തിവെക്കുകയും പിന്നീട് മുന്നറിയിപ്പില്ലാതെ തുറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എക്കൽ നീക്കൽ നടപടികൾ നടത്തിയത്.
1987ലാണ് സലാൽ അണക്കെട്ട് നിർമിച്ചത്. 2009-ലാണ് ബാഗ്ലിഹാർ അണക്കെട്ട് നിർമിച്ചത്. നേരത്തെ ഈ അണക്കെട്ടുകളിൽ അറ്റകുറ്റപണികൾ നടത്തി വൃത്തിയാക്കാൻ ഇന്ത്യ ശ്രമം നടത്തിയെങ്കിലും പാകിസ്താന്റെ എതിർപ്പ് കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഡാമുകളിലെ മണ്ണും ചെളിയും നീക്കം ചെയ്ത് ഒഴുക്ക് വർധിപ്പിച്ചാൽ പാക്കിലേക്ക് അധികജലം എത്തുമെന്നും ഇത് വഴി പ്രളയത്തിനുള്ള സാധ്യതയുണ്ടാകുമെന്ന്് കാട്ടിയാണ് പാക്കിസ്ഥാൻ എതിർപ്പ് പ്രകടിപ്പിച്ചത്.








