പാകിസ്താനിൽനിന്ന് ഉണ്ടാവുന്ന ഭീകരപ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ശശി തരൂർ നയിക്കുന്ന സംഘത്തിൽ ഇൻഡി മുന്നണിയിലെ വിവിധ പാർട്ടി നേതാക്കളെയും പ്രതിനിധി സംഘത്തിൽ കേന്ദ്രസർക്കാർ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശശിതരൂരിൻ്റെ പക്വമായ നിലപാടുകൾ പലതും രാജ്യത്തിന്റെ ഒറ്റക്കെട്ടിനെ സൂചിപ്പിക്കുന്നതായിരുന്നു. ഓപ്പറേഷൻ സിന്ദൂരിനെയടക്കം വിദേശമാദ്ധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച നിലപാടും കയ്യടി നേടിയിരുന്നു. തരൂരിനെ അഭിനന്ദിച്ച് മുരളിതുമ്മാരക്കുടി എഴുതിയ കുറിപ്പ് ഇപ്പോൾ ചർച്ചയാവുകയാണ്. ഓപ്പറേഷൻ സിന്ദൂർ നടന്ന ദിവസങ്ങളിലും അതിന് ശേഷവും ആ വിഷയത്തെ പറ്റി ഏറ്റവും നന്നായി വിലയിരുത്തി സംസാരിച്ചത് ശ്രീ ശശി തരൂർ ആയിരുന്നു എന്ന് അദ്ദേഹം പറയുന്നു. ശശി തരൂരിന്റെ പ്രസ്താവനകളെ ഇന്ത്യൻ മാധ്യമങ്ങൾ മാത്രമല്ല ലോക മാധ്യമങ്ങൾ തന്നെ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം വിഷയങ്ങൾ പ്രകടിപ്പിച്ചതിലെ കൃത്യത ബഹുഭൂരിഭാഗം ഇന്ത്യക്കാർക്കും ഏറെ ഇഷ്ടപ്പെട്ടുവെന്നും സോഷ്യൽ മീഡിയ ശ്രദ്ധിച്ചവർക്കൊക്കെ മനസ്സിലായി.
കുറിപ്പിൻ്റെ പൂർണരൂപം
ശശി തരൂർ, കോൺഗ്രസ്സ്, ഇന്ത്യ
ഓപ്പറേഷൻ സിന്ദൂർ നടന്ന ദിവസങ്ങളിലും അതിന് ശേഷവും ആ വിഷയത്തെ പറ്റി ഏറ്റവും നന്നായി വിലയിരുത്തി സംസാരിച്ചത് ശ്രീ ശശി തരൂർ ആയിരുന്നു.
എനിക്കതിൽ അതിശയം ഒന്നും തോന്നിയില്ല. അന്താരാഷ്ട്ര രംഗത്ത് മുപ്പതിൽ ഏറെ വർഷം പ്രവർത്തിച്ചിട്ടുള്ള, ഏറെ സംഘർഷങ്ങളുടെ കാലത്ത് യു എൻ സെക്രട്ടറി ജനറലിന്റെ വക്താവായിരുന്ന അദ്ദേഹത്തിന് കാര്യങ്ങളെ വേണ്ട തരത്തിൽ വിശകലനം ചെയ്യാനും മാധ്യമങ്ങളുടെ മുന്നിൽ അളന്നു കുറിച്ച വാക്കുകളിൽ സംസാരിക്കാനും അറിയാമെന്ന് എത്രയോ പ്രാവശ്യം കണ്ടിട്ടുള്ളതാണ്.
ശ്രീ ശശി തരൂരിന്റെ പ്രസ്താവനകളെ ഇന്ത്യൻ മാധ്യമങ്ങൾ മാത്രമല്ല ലോക മാധ്യമങ്ങൾ തന്നെ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം വിഷയങ്ങൾ പ്രകടിപ്പിച്ചതിലെ കൃത്യത ബഹുഭൂരിഭാഗം ഇന്ത്യക്കാർക്കും ഏറെ ഇഷ്ടപ്പെട്ടുവെന്നും സോഷ്യൽ മീഡിയ ശ്രദ്ധിച്ചവർക്കൊക്കെ മനസ്സിലായി.
മനസ്സിലാകാതിരുന്നത് അദ്ദേഹത്തിന്റെ വിശകലനങ്ങളോട് കോൺഗ്രസ്സ് പാർട്ടി പ്രതികരിച്ച രീതിയാണ്.
“കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് പാര്‍ട്ടി നേതൃത്വത്തിന്റെ താക്കീത്” എന്നാണ് മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
“പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ പൊതുസമൂഹത്തില്‍ അറിയിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സമയമല്ല ഇതെന്നും നേതൃത്വം വ്യക്തമാക്കി. തരൂര്‍ പരിധി ലംഘിച്ചെന്ന് ലംഘിച്ചെന്ന് മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു”.
സത്യത്തിൽ അമ്പരപ്പാണ് തോന്നിയത്. നാടിൻറെ വികാരത്തോട് ചേർന്ന് നിന്ന് ഒരാൾ സംസാരിക്കുന്നു. പാർട്ടി ഭേദമന്യേ അദ്ദേഹത്തിന് സമൂഹത്തിന്റെ പിന്തുണ ലഭിക്കുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ ആ നേതാവിനെ പരമാവധി പിന്തുണക്കുകയും ഇത്തരത്തിലുള്ള സംഘർഷവും വിദേശകാര്യം ഒക്കെ ഉൾപ്പെട്ട വിഷയത്തിൽ പാർട്ടിയിലെ ഏറ്റവും പരിചയ സമ്പന്നനും കൃത്യമായി സംസാരിക്കാൻ കഴിവുമുള്ള ആളെ നിയോഗിക്കുകയല്ലേ ചെയ്യേണ്ടത്?
ഇന്നത്തെ വാർത്തകൾ ശരിയാണെങ്കിൽ തീവ്രവാദത്തിന്റെ വിഷയം അന്താരാഷ്ട്ര രംഗങ്ങളിൽ തുറന്നുകാട്ടാനുള്ള ഇന്ത്യൻ സംഘത്തിന്റെ നേതൃത്വത്തിലേക്ക് ശ്രീ ശശി തരൂരിനെ ഇന്ത്യൻ സർക്കാർ പരിഗണിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇത് ശ്രീ ശശി തരൂരിന്റെ പ്രഭാഷണ പാടവത്തെയും അന്താ രാഷ്ട്രരംഗത്തുള്ള അറിവിനെയും ബന്ധങ്ങളെയും രാജ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതോടൊപ്പം തന്നെ രാഷ്ട്രീയത്തിനതീതമായ തീരുമാനങ്ങൾ ആണ് സർക്കാർ എടുക്കുന്നതെന്ന് സമൂഹത്തെ മനസ്സിലാക്കുകയും ചെയ്യുന്നു. ശരിയാണെങ്കിൽ അഭിനന്ദനാർഹമായ തീരുമാനമാണ്.
അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയിൽ ഏറ്റവും പരിചയ സമ്പന്നതയും, ലോകത്താകമാനം രാഷ്ട്രീയ രംഗത്ത്, നയതന്ത്രരംഗത്ത്, മാധ്യമരംഗത്ത് ഏറ്റവും കൂടുതൽ വ്യക്തിബന്ധങ്ങളും ഉള്ള ശ്രീ ശശി തരൂരിന് അദ്ദേഹത്തിന്റെ കഴിവുകൾ രാജ്യത്തിന് വേണ്ടി ഉപയോഗിക്കാനുള്ള അർഹമായ ഒരു സ്ഥാനം ഇനിയും നമ്മൾ നൽകിയിട്ടില്ല എന്ന് ചിന്തിക്കുന്ന അനവധി ആളുകൾ ഇന്ത്യയിൽ ഉണ്ട്. ഞാൻ അത്തരത്തിൽ ഒരാളാണ്. എന്നാലും ഇതൊന്നും അദ്ദേഹം കാര്യമാക്കുന്നില്ല, സർക്കാർ പദവികൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അദ്ദേഹം അദ്ദേഹത്തിന്റെ ഉജ്ജ്വലമായ ധീഷണകൊണ്ടും, വിശകലന പാടവം കൊണ്ടും സംഭാഷണ ചാതുരികൊണ്ടും വേറിട്ട് നിൽക്കുന്നു, നാടിന് വേണ്ടി പ്രവർത്തിക്കുന്നു സംസാരിക്കുന്നു.
ഇന്നത്തെ വാർത്ത ശരിയാകണം എന്ന ആഗ്രഹമാണ് എനിക്കുള്ളത്, മാത്രമല്ല, ശ്രീ ശശി തരൂരിന് അദ്ദേഹത്തിന്റെ കഴിവിന് യോജിച്ച പദവികൾ ഇനിയും ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.
Leave a Comment