ലഖ്‌നൗ : അധിനിവേശ ശക്തികളെ ആഘോഷമാക്കിയിരുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യം തിരുത്തിയെഴുതി ഉത്തർപ്രദേശ് സർക്കാർ. ഉത്തർപ്രദേശിൽ 900 വർഷത്തോളം ആയി നടന്നുവന്നിരുന്ന ബേൽ മിയാൻ മേള ഇത്തവണ ഉണ്ടാകില്ല. മുഹമ്മദ് ഗസ്‌നിയുടെ കമാൻഡർ ആയ സയ്യിദ് സലാർ മസൂദ് ഗാസിയുടെ സ്മരണയ്ക്കായി നടത്തിവന്നിരുന്ന ഉത്സവമാണ് ബേൽ മിയാൻ മേള. എന്നാൽ ഇത്തവണ മേള നടത്തിപ്പിന് ഉത്തർപ്രദേശ് സർക്കാർ അനുമതി നിഷേധിച്ചതായി സംഘാടകർ അറിയിച്ചു.
സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉത്തർപ്രദേശ് സർക്കാർ ബേൽ മിയാൻ മേളക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മേളക്ക് ആവശ്യമായ അനുമതികൾ നൽകിയിട്ടില്ലെന്ന് സംഘാടകർ അറിയിച്ചു. ഇസ്ലാമിക മാസമായ റജബിന്റെ 15-ാം രാത്രിയിൽ പരമ്പരാഗതമായി നടത്തിവന്നിരുന്ന മേള ഇത് ആദ്യമായാണ് നിർത്തിവയ്ക്കുന്നത്.
സയ്യിദ് സലാർ മസൂദ് ഗാസിയുടെ ദർഗയിൽ നടന്നിരുന്ന വാർഷിക ജെത്ത് മേളയ്ക്കും നേരത്തെ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നില്ല. കൂടാതെ സാംബാലിൽ സലാർ മസൂദിന്റെ പേരിൽ സംഘടിപ്പിച്ചിരുന്ന നേജ മേളയും ഈ വർഷം നടത്തിയിരുന്നില്ല. ഭാരതത്തിലെ പതിനായിരയിരക്കണക്കിന് പേരെ കൊന്നൊടുക്കിയ അധിനിവേശ ശക്തികളായ ആക്രമണകാരികളെ മഹത്വവൽക്കരിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമാണെന്നും സ്വതന്ത്ര ഇന്ത്യ അത് വെച്ചുപൊറുപ്പിക്കില്ലെന്നും ആണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ വിഷയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post