ന്യൂഡൽഹി: ഹരിയാനയിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് പാകിസ്ഥാൻ ചാരസംഘടനയുമായി ബന്ധമുണ്ടെന്നുള്ള സംശയം ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ കേക്കുമായി എത്തിയ വ്യക്തിയുമായി ജ്യോതി മൽഹോത്രക്ക് അടുത്ത ബന്ധമുണ്ടെന്നുള്ള ചിത്രങ്ങളും വീഡിയോകളും ദേശീയമാദ്ധ്യമങ്ങൾ പുറത്തു വിട്ടു.
“ട്രാവൽ വിത്ത് ജോ” എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ ജ്യോതി മൽഹോത്രയെ കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന് ഹരിയാനയിലെ ഹിസാറിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പാകിസ്ഥാനിലെ ചിലരുമായി നിരന്തരം ബന്ധം പുലർത്തുകയും തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുകയും ചെയ്തുവെന്നാണ് പോലീസ് അറിയിച്ചത്.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 വിനോദസംചാരികൾ ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലേക്ക് ഒരാൾ കേക്കുമായി എത്തിയത് വാർത്തയായിരുന്നു.മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കേക്ക് കൊണ്ടുപോകുന്നതിന്റെ കാരണം വിശദീകരിക്കാൻ ആ വ്യക്തി തയ്യാറായിരുന്നില്ല. ഇത് വലിയ വിവാദത്തിനും ജനരോഷത്തിനും കാരണമായിരുന്നു. മാത്രമല്ല ഇത്തരമൊരു സമയത്ത് കേക്കും ആയി പാക് ഹൈക്കമ്മീഷനിൽ ആഘോഷിക്കാൻ എത്തിയത് പരസ്യമായ പ്രകോപനത്തിനുള്ള തന്ത്രമായിരുന്നു എന്ന് വ്യക്തമാണ്. ഈ വ്യക്തിക്കൊപ്പം ജ്യോതി മൽഹോത്ര നിൽക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ പ്രചരിക്കുന്നത്. പാകിസ്ഥാനിൽ വെച്ച് നടന്ന ഒരു പാർട്ടിയിൽ വെച്ച് ജ്യോതി ഇയാളെ കണ്ടുമുട്ടിയെന്നും റിപ്പോർട്ടുകളുണ്ട്.
2023ലും 2024ലും ജ്യോതി പാകിസ്ഥാൻ സന്ദർശിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷ് എന്ന അഹ്സൻ-ഉർ-റഹീമുമായി ഇവർ ബന്ധം സ്ഥാപിച്ചിരുന്നു. ഡാനിഷ് എന്നയാൾ ജ്യോതിയടക്കമുള്ള പല ഇന്ത്യൻ സ്ത്രീകളെയും വിവാഹ വാഗ്ദാനം നൽകിയും പ്രണയം നടിച്ച് ചാറ്റുകളിലൂടെയും വശീകരിച്ച് പിന്നീട് പണം തട്ടുകയും ചാരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പിന്നീട് പാകിസ്ഥാൻ സന്ദർശന വേളയിൽ പാക് ചാരസംഘടനയിലെ അംഗങ്ങളെയും ജ്യോതി കണ്ടുമുട്ടിയെന്നും പോലീസ് പറയുന്നു. ഇതിനുശേഷമാണ് ഇവർ തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറാൻ തുടങ്ങിയതെന്നാണ് ആരോപണം.
വാട്സ്ആപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ജ്യോതി വിവരങ്ങൾ കൈമാറിയിരുന്നത്. സംശയം തോന്നാതിരിക്കാൻ വ്യാജ പേരുകളിലാണ് ഇവർ പാകിസ്ഥാനിലെ തങ്ങളുടെ ഹാൻഡ്ലർമാരുടെ നമ്പറുകൾ സൂക്ഷിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക രഹസ്യ നിയമം, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 152 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് ജ്യോതി.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യവ്യാപകമായി നടക്കുന്ന ചാരവൃത്തി വിരുദ്ധ നീക്കങ്ങളുടെ ഭാഗമായാണ് ജ്യോതി മൽഹോത്രയുടെയും മറ്റ് 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജ്യോതിയുടെ പാകിസ്ഥാൻ, കശ്മീർ സന്ദർശനങ്ങളും പഹൽഗാം ഭീകരാക്രമണവുമായുള്ള ബന്ധവും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
എന്നാൽ പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിന് പിന്നാലേ പാക് ഹൈക്കമ്മീഷനിലേക്ക് കേക്കുമായി എത്തിയത് ആരാണെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാൽ പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥൻ എന്ന പേരിൽ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന ചാരസംഘടനയുടെ ഉദ്യോഗസ്ഥനാവാം എന്നാണ് മാദ്ധ്യമങ്ങളിലൂടെ പുറത്ത് വരുന്ന വിവരങ്ങൾ. ജ്യോതി മൽഹോത്രയെ ഹണി ട്രാപ്പിൽ പെടുത്തിയ ഡാനിഷ് എന്ന പേരിൽ അ റിയപ്പെടുന്ന അഹ്സൻ-ഉർ-റഹീം തന്നെയാണോ ഇയാൾ എന്ന സംശയവും സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Discussion about this post