ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് പാകിസ്താനെ സഹായിക്കുന്ന രീതിയിലുള്ള നിലപാട് സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആധുനിക യുഗത്തിലെ മിർ ജാഫർ ആണെന്ന് ബിജെപി. പാകിസ്താൻ പറയുന്ന കള്ളത്തരങ്ങളും പൊള്ളയായ വാദങ്ങളും പ്രചരിപ്പിക്കുന്ന നിലപാടാണ് രാഹുൽഗാന്ധി സ്വീകരിക്കുന്നത് എന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. ഇപ്പോൾ പാകിസ്താനിലെ സമൂഹമാധ്യമങ്ങൾ രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ ആണ് ഷെയർ ചെയ്യുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
രാഹുൽ ഗാന്ധിയുടെ വാക്കുകളും പ്രസ്താവനകളും പാകിസ്താൻ അന്താരാഷ്ട്ര വേദികളിൽ പോലും പ്രചരിപ്പിക്കുന്നത് ഇതാദ്യമായല്ല എന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തിക്കൊണ്ട് പാകിസ്താന്റെ വ്യാജ പ്രചാരണങ്ങളെ ഏറ്റെടുക്കുന്ന നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നത്. കൊളോണിയൽ ശക്തികൾക്ക് ഇന്ത്യൻ താൽപ്പര്യങ്ങൾ ഒറ്റിക്കൊടുക്കുന്നതിൽ പ്രശസ്തനായ മിർ ജാഫറിന്റെ ആധുനിക യുഗത്തിലെ രൂപമാണ് രാഹുൽഗാന്ധി എന്നും ബിജെപി നേതാവ് വ്യക്തമാക്കി.
അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യുന്നവർക്ക് തങ്ങളുടെ പ്രവൃത്തികൾ മറച്ചുവയ്ക്കുന്നതിനുള്ള വലിയ മറയാണ് രാഹുൽ ഗാന്ധി സൃഷ്ടിച്ചു നൽകുന്നത്. ഇന്ത്യയുടെ സൈനിക നേട്ടങ്ങൾ അവഗണിക്കുകയും നഷ്ടങ്ങൾ മാത്രം കണക്കിലെടുത്തുകൊണ്ട് രാഹുൽ ഗാന്ധി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് ബിജെപി ആരോപിച്ചു. അടുത്ത നിഷാൻ-ഇ-പാകിസ്താൻ ബഹുമതി പാകിസ്താൻ രാഹുൽ ഗാന്ധിക്ക് നൽകുമെന്നും അമിത് മാളവ്യ അഭിപ്രായപ്പെട്ടു.
Discussion about this post