ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി നമ്പാല കേശവറാവു അടക്കം 27 പേരെ സുരക്ഷാസേന വധിച്ച സംഭവത്തെ അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ.മാവോവാദികൾ ആവർത്തിച്ച് ചർച്ചകൾക്ക് തയ്യാറായിട്ടും മനുഷ്യത്വരഹിതമായ നയമാണ് കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢ് സർക്കാരും പിന്തുടരുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി.അക്രമത്തിൻറെ അപകടകരമായ മാതൃക’എന്നാണ് സിപിഐ വിശേഷിപ്പിച്ചത്
‘കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവനകളും ചർച്ചകളുടെ ആവശ്യമില്ലെന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും മനുഷ്യജീവനുകൾ എടുക്കുന്നതിനെ ആഘോഷിക്കുന്ന തരത്തിലുള്ള ഒരു ഫാസിസ്റ്റ് മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് ജനാധിപത്യത്തിന് എതിരാണ്’ സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു. മാവോവാദികളുടെ രാഷ്ട്രീയത്തോട് എതിർപ്പുണ്ടെങ്കിലും ചർച്ചകൾക്കുള്ള അവരുടെ അഭ്യർത്ഥന അംഗീകരിക്കുകയും സുരക്ഷാസേനയുടെ നടപടികൾ നിർത്തിവയ്ക്കാനും സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായി സിപിഎം വ്യക്തമാക്കി.
ഈ കൊലപാതകങ്ങൾ ഭരണകൂട അക്രമത്തിൻറെ അപകടകരമായ ഒരു രീതിയിലേക്ക് വിരൽ ചൂണ്ടുക മാത്രമല്ല, ഈ മേഖലയിലെ ആദിവാസി സമൂഹങ്ങളുടെ തുടർച്ചയായ അരികുവൽക്കരണത്തെയും തുറന്നുകാട്ടുന്നു. ഈ സമൂഹങ്ങൾ തങ്ങൾ തുടങ്ങിവെക്കാത്ത ഒരു സംഘർഷത്തിൻറെ ഭാഗമായി വീണ്ടും വീണ്ടും ഏറ്റുമുട്ടുന്നു” സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എക്‌സിൽ കുറിച്ചു.
Discussion about this post