ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന് ആഴ്ചകൾക്ക് ശേഷം പാകിസ്താന് ഏറ്റ തിരിച്ചടി അംഗീകരിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇന്ത്യ വ്യോമാക്രമണം നടത്തിയതായും പാകിസ്താൻ പ്രതികരിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ച് തങ്ങളുടെ എയർബേസുകൾ തകർത്തു കളഞ്ഞതായും ഷെഹബാസ് ഷെരീഫ് തുറന്നു പറഞ്ഞു. അസർബൈജാനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പാകിസ്താൻ പ്രധാനമന്ത്രിയുടെ ഈ കുറ്റസമ്മതം.
മെയ് 10 ന് പ്രഭാത പ്രാർത്ഥനകൾക്ക് ശേഷം പാകിസ്താൻ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് അസർബൈജാനിൽ വെച്ച് ഷെഹബാസ് ഷെരീഫ് തുറന്നു പറഞ്ഞു. എന്നാൽ പാകിസ്താൻ നടപടിയെടുക്കുന്നതിന് മുമ്പ്, ഇന്ത്യയുടെ ദീർഘദൂര സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ പാകിസ്താനിലെ നിരവധി പ്രവിശ്യകളിലായി ഒന്നിലധികം ലക്ഷ്യങ്ങളിൽ ആക്രമണം നടത്തി. ഞങ്ങളുടെ എയർബേസുകൾ പോലും അവർ തകർത്തു തരിപ്പണമാക്കി എന്നും പാക് പ്രധാനമന്ത്രി വെളിപ്പെടുത്തി.
“റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന സൈനിക താവളങ്ങൾ ഇന്ത്യ ആക്രമിച്ചു. ഫജ്ർ പ്രാർത്ഥനകൾക്ക് ശേഷം പുലർച്ചെ 4.30 ന് ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാൻ നമ്മുടെ സായുധ സേന സജ്ജരായിരുന്നു. എന്നാൽ ആ മണിക്കൂർ എത്തുന്നതിനു മുമ്പുതന്നെ, റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെ ഇന്ത്യ വ്യോമാക്രമണത്തിൽ തകർത്തു എന്നായിരുന്നു അസർബൈജാനിൽ നടന്ന പരിപാടിയിൽ പാകിസ്താൻ പ്രധാനമന്ത്രി വ്യക്തമാക്കിയത്.
Discussion about this post