രണ്ട് മരുന്നുകളുടെ സഹായത്തോടെ എലികളുടെ ആയുസ് വർദ്ധിച്ചത് 30 ശതമാനം വരെ. റാപാമൈസിൻ,ട്രാമെറ്റിനിബ് എന്നീ മരുന്നുകൾ സംയോജിപ്പിച്ച് നൽകിയതിലൂടെയാണ് ഇത് സാധ്യമായത്. ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജി ഓഫ് ഏജിംഗ് നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ.
അവയവം മാറ്റിവെക്കുമ്പോൾ ശരീരം അതിനെ തിരസ്‌കരിക്കുന്നത് തടയാൻ ഉപയോഗിക്കുന്നതാണ് റാപാമൈസിൻ. കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതാണ് ട്രാമെറ്റിനിബ്. റാപാമൈസിൻ മാത്രം ഉപയോഗിച്ചപ്പോൾ ആയുർദൈർഘ്യം 17-18 ശതമാനം വർധിച്ചു. ട്രാമെറ്റിനിബ് 7-16 ശതമാനം വർധിപ്പിച്ചു. എന്നാൽ അവയുടെ സംയോജനം 26-35 ശതമാനം വർധന ഉണ്ടാക്കിയെന്നാണ് ഗവേഷകർ പറയുന്നത്.
ചികിത്സ ലഭിച്ച എലികളിൽ ട്യൂമർ വളർച്ച വൈകി, ശാരീരിക പ്രവർത്തനങ്ങൾ വർധിച്ചു എന്നതടക്കമുള്ള മെച്ചപ്പെട്ട ആരോഗ്യ സൂചകങ്ങൾ കാണിച്ചുവെന്നും ഗവേഷകർ പറയുന്നു. ആയുസ് വർധിപ്പിക്കുന്നതിനും പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും വേണ്ടി ട്രാമെറ്റിനിബിന്റെ ഏറ്റവും അനുയോജ്യമായ ഡോസും നൽകേണ്ട രീതിയും കണ്ടെത്താൻ ഗവേഷകർ ശ്രമം നടത്തുന്നുണ്ട്.
എലികളിൽ കണ്ടതിന് സമാനമായ ആയുർദൈർഘ്യ വർധന മനുഷ്യരിൽ പ്രതീക്ഷിക്കുന്നില്ലെങ്കിലും പ്രായം കൂടുമ്പോൾ കൂടുതൽ കാലം ആരോഗ്യത്തോടെയും രോഗമില്ലാതെയും കഴിയാൻ മനുഷ്യരെ സഹായിക്കാൻ ഈ മരുന്നുകൾക്ക് കഴിയുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.
Discussion about this post