ഓപ്പറേഷൻ സിന്ദൂരിനിടെയുണ്ടായ മരണങ്ങളിൽ പാകിസ്താനോടൊപ്പം അനുഭാവം പ്രകടിപ്പിച്ചപ്രസ്താവന പിൻവലിച്ച് കൊളംബിയ. പാകിസ്താൻകാർക്കായി അനുശോചനമറിയിച്ച കൊളംബിയയുടെ നിലപാടിലുള്ള ഇന്ത്യയുടെ നിരാശ നേരിട്ട് വ്യക്തമാക്കിയതിനുപിന്നാലെയാണ് തങ്ങളുടെ പാക് അനുകൂല പ്രസ്താവനയിൽ കൊളംബിയ മാറ്റം വരുത്തിയിരിക്കുന്നത്. കൊളംബിയയിലെത്തിയ സർവകക്ഷിപ്രതിനിധി സംഘത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് എംപി ശശി തരൂർ ഇന്ത്യയുടെ നിരാശ അറിയിച്ചതിനുപിന്നാലെയാണ് പ്രസ്താവന തിരുത്തി ഇന്ത്യയ്ക്ക് പിന്തുണ നൽകാൻ കൊളംബിയ തീരുമാനിച്ചത്.
ഇന്ത്യയുടെ ഭാഗത്തുനിന്നുളള വിശദീകരണത്തിലും വിഷയ വിവരണത്തിലും പൂർണ വിശ്വാസമായെന്ന് കൊളംബിയ വിദേശകാര്യ ഉപമന്ത്രി റോസ യോലാൻഡ വില്ലാവിസെൻസിയോ പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള വിശദീകരണത്തിൽ പാകിസ്താനെതിരേ ആക്രമണത്തിന് ഇന്ത്യ മുതിർന്നതിലുള്ള വാസ്തവസ്ഥിതി മനസ്സിലാക്കാനായതായും ഇന്ത്യയുമായുള്ള ചർച്ച തുടരുന്നതിൽ പൂർണ വിശ്വാസമുള്ളതായും അവർ വ്യക്തമാക്കി. കശ്മീരിലെ യഥാർഥ സ്ഥിതിഗതികൾ മനസിലായെന്നും ലഭ്യമായ വിവരങ്ങളിൽ ആത്മ വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയെപ്പോലെ കൊളംബിയയും നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്നും ഇന്ത്യക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും സർവ കക്ഷി സംഘത്തിന് നേതൃത്വം നൽകുന്ന ശശി തരൂർ എംപി പറഞ്ഞു. ഭീകരതയുടെ ഇരകളോട് സഹതാപം കാണിക്കുന്നതിനുപകരം പാകിസ്താനിൽ ഉണ്ടായ ജീവഹാനിയിൽ അനുശോചിച്ച കൊളംബിയൻ സർക്കാരിൻറെ നടപടിയിൽ നിരാശനാണെന്നായിരുന്നു തരൂർ പറഞ്ഞത്. ഭീകരരെ അയയ്ക്കുന്നവരും അവരെ ചെറുക്കുന്നവരും തമ്മിൽ ഒരു തുല്യതയും ഉണ്ടാകില്ല. ആക്രമിക്കുന്നവരും പ്രതിരോധിക്കുന്നവരും തമ്മിൽ ഒരു തുല്യതയുമില്ല. തങ്ങൾ സ്വയം പ്രതിരോധത്തിനുള്ള അവകാശം മാത്രമാണ് ഉപയോഗിക്കുന്നത്. ഇക്കാര്യത്തിൽ ഇവിടെ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അതു തീർക്കാൻ തങ്ങളിവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Discussion about this post