യാത്രക്കാർക്ക് സുപ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് കൊവിഡ്-19 കേസുകളും മറ്റ് വൈറൽ അണുബാധകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാർ മാസ്‌ക് ധരിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കേന്ദ്ര റെയിൽവേ മന്ത്രാലയവും വിവിധ സോണൽ റെയിൽവേ ഡിവിഷനുകളും യാത്രക്കാർ യാത്രക്കിടെ മാസ്‌കുകൾ ധരിക്കാനും കൈകൾ കഴുകാനും സാനിറ്റൈസറുകൾ ഉപയോഗിക്കാനും ആവശ്യപ്പെടുന്നുണ്ട്.
ട്രെയിനുകളുടെ സമയം കൃത്യമായി അറിയാൻ സ്വകാര്യ ആപ്പുകൾ ഉപയോഗിക്കരുതെന്ന് റെയിൽവേ നിർദ്ദേശിച്ചു. ട്രെയിനിന്റെ സമയം, മറ്റ് വിവരങ്ങൾ എന്നിവ കൃത്യമായി അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) പിന്തുടരാനും റെയിൽവേ നിർദേശിച്ചു. റെയിൽവേയുടെ ഔദ്യോഗിക ആപ്പാണിത്. സ്വകാര്യ ആപ്പുകൾ ട്രെയിൻ സമയം, റദ്ദാക്കിയ ട്രെയിൻ, വഴിതിരിച്ചുവിട്ട ട്രെയിൻ അങ്ങനെ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട പല പ്രധാന വിവരങ്ങളൊന്നും രേഖപ്പെടുത്തണമെന്നില്ല.
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം നിയന്ത്രിക്കുന്ന ആപ്പാണ് എൻടിഇഎസ്. ഇതിലൂടെ മാത്രമേ റെയിൽവേയുടെ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകുകയുള്ളു. ഇതിലെ വിവരങ്ങൾ തെറ്റിയാൽ റെയിൽവേയിൽ പരാതി കൊടുക്കാനും നഷ്ടപരിഹാരം ലഭിക്കാൻ സാദ്ധ്യതയുണ്ടെങ്കിൽ കേസിന് പോകാനും കഴിയും.
Discussion about this post