ഇസ്ലാമാബാദ് : പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന കമാൻഡർ അബ്ദുൾ അസീസ് എസ്സാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് എസ്സാറിനെ ദുരൂഹമായി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ വെടിയേറ്റ് മരിച്ചതാണെന്ന വാർത്തകൾ ആദ്യം പുറത്തുവന്നെങ്കിലും ജെയ്‌ഷെ മുഹമ്മദ് ഇത് നിഷേധിച്ചു.
ഭക്കർ ജില്ലയിലെ കല്ലൂർ കോട്ടിലെ അഷ്‌റഫ്‌വാലയിൽ ആണ് ഇയാൾ താമസിച്ചു വന്നിരുന്നത്. അടുത്ത സഹായിയാണ് അബ്ദുൾ അസീസ് എസ്സാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ത്യയിൽ നടന്ന നിരവധി പ്രധാന ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഇയാൾ. ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ കൊണ്ട് കുപ്രസിദ്ധനായ വ്യക്തി കൂടിയാണ് ഈ ഭീകരൻ.
ബഹവൽപൂരിലുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ മർകസിൽ വെച്ചായിരിക്കും എസ്സാറിന്റെ ശവസംസ്കാരം നടക്കുക. മെയ് 7 ന് ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന ജെയ്ഷ്-ഇ-മുഹമ്മദിന്റെ ഈ ആസ്ഥാനം ആക്രമിച്ചിരുന്നു. കഴിഞ്ഞ മാസം, പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ലഷ്കർ ഭീകരൻ റസുള്ള നിസാനി എന്ന അബു സൈഫുള്ളയെ അജ്ഞാതർ കൊലപ്പെടുത്തി. 2006-ൽ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു നിസാനി.
Discussion about this post