തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. കേരളത്തിൽ കോൺഗ്രസിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവാണ്. 95 വയസ്സിലാണ് അദ്ദേഹം വിട വാങ്ങുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. അഴിമതിയുടെ കറ പുരളാത്ത ജീവിതത്തിന് ഉടമയായിരുന്നു അദ്ദേഹം പാർട്ടിക്കായി സ്വന്തം ഭൂമി പോലും ത്യജിച്ച വ്യക്തിയാണ്. 1931 മാര്‍ച്ച് 11ന് കൊല്ലം ജില്ലയിലെ ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായാണ് ജനിച്ചത്. തിരുവനന്തപുരം എംജി കോളജില്‍നിന്ന് ബിഎസ്‌സി ബിരുദം നേടിയിട്ടുണ്ട്. നാളെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
ശൂരനാട്ടെ കോൺഗ്രസിൻ്റെ ബൂത്ത് പ്രസിഡൻ്റായാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവട് വച്ചത്. രാഷ്ട്രീയ ജീവിതം ആരംഭിക്കുമ്പോൾ 17 ഏക്കർ ഭൂമിയുടെ ഉടമയായിരുന്നെങ്കിലും ഓരോ ഘട്ടത്തിലായി പാർട്ടിക്ക് വേണ്ടി സ്വത്തുക്കളെല്ലാം അദ്ദേഹം വിറ്റു. ഒടുവിൽ 11 സെന്റ് ഭൂമി മാത്രമായിരുന്നു അദ്ദേഹത്തിന്റെതായി അവശേഷിച്ചത്. കോൺഗ്രസിന് കേരളത്തിൽ 100 ലധികം നിയമസഭാ സീറ്റുകൾ നേടിക്കൊടുത്ത് അധികാരത്തിൽ എത്തിച്ചതിൽ സുപ്രധാന പങ്ക് വഹിച്ചത് തെന്നല ബാലകൃഷ്ണപിള്ള ആയിരുന്നു.









Discussion about this post