ഗാസയിലെ ജനങ്ങളോട് ഹമാസ് നടത്തുന്ന കൊടും ക്രൂരതകളുടെ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കഴിഞ്ഞദിവസം ഒരു പിതാവ് തന്റെ മകൾക്ക് ഏറ്റവും പ്രിയപ്പെട്ട ബിസ്ക്കറ്റ് വാങ്ങിയ കഥ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇന്ത്യ പലസ്തീനിലെ ജനങ്ങൾക്ക് ദുരിതാശ്വാസ സഹായമായി നൽകുന്ന ഭക്ഷണ വസ്തുക്കൾ ഹമാസ് തട്ടിയെടുത്ത് വൻ തുകയ്ക്ക് വില്പന നടത്തുന്നതായാണ് പലസ്തീൻ സ്വദേശി പറയുന്നത്. ഇന്ത്യയിൽ കഴിഞ്ഞ 30 വർഷമായി ഒരു രൂപ പോലും വില കൂട്ടിയിട്ടില്ലാത്ത പാർലെ ജി ബിസ്ക്കറ്റ് 2300 രൂപയ്ക്ക് തുല്യമായ തുകയ്ക്കാണ് ഹമാസ് ഗാസയിലെ ജനങ്ങൾക്ക് വിൽക്കുന്നത്.
ഇന്ത്യ ഫ്രീയായി നൽകിയ പാർലെ-ജി ബിസ്ക്കറ്റ് 2300 രൂപയ്ക്കാണ് ഹമാസ് അവിടുത്തെ ജനങ്ങൾക്ക് വിൽക്കുന്നത്. തന്റെ മകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഈ ബിസ്ക്കറ്റ് വലിയ തുക കൊടുത്താണെങ്കിലും വാങ്ങേണ്ടി വന്നു എന്നാണ് പലസ്തീനിൽ നിന്നുള്ള ഒരു യുവാവ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പാലസ്തീൻകാരനായ മുഹമ്മദ് ജവാദ് തന്റെ മകൾ റാഫിക്കയ്‌ക്കൊപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ചത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 24 യൂറോയ്ക്ക് (ഏകദേശം 2342 രൂപ) താൻ പാർലെ-ജി വാങ്ങിയതായി ജവാദ് പറഞ്ഞു, ഇതിന് ഇന്ത്യയിൽ 5 രൂപയും അന്താരാഷ്ട്ര വിപണിയിൽ 100 രൂപയ്ക്ക് തുല്യമായ തുകയും മാത്രമാണ് വിലവരുന്നത്.
പലസ്തീൻ ജനതയ്ക്ക് ദുരിതാശ്വാസ സഹായമായി ലഭിക്കുന്ന ഭക്ഷണ വസ്തുക്കളുടെ ട്രക്കുകൾ ഹമാസ് പിടിച്ചെടുക്കുകയാണെന്നും പിന്നീട് ഉയർന്ന വിലയ്ക്ക് മറിച്ചു വിൽക്കുകയാണെന്നും മുഹമ്മദ് ജവാദ് വ്യക്തമാക്കി. ഗോതമ്പ് മാവ് 500 ഡോളറിനും പഞ്ചസാര കിലോയ്ക്ക് 90 ഡോളറിനും ആണ് ഗാസയിൽ ഹമാസ് വിൽക്കുന്നത് എന്നും ജവാദ് അറിയിച്ചു. അടുത്തിടെ ഒരു ദുരിതാശ്വാസ സാമഗ്രി വിതരണ കേന്ദ്രത്തിന് നേരെ ഹമാസ് വെടിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ പുറത്തുവിട്ടിരുന്നു. നിരവധി കുട്ടികൾ ഉൾപ്പെടെയാണ് ഈ വെടിവെപ്പിൽ മരിച്ചത്. മുഹമ്മദ് ജവാദിന്റെ വീഡിയോ കൂടി പുറത്തുവന്നതോടെ ഹമാസ് മൂലം ഗാസയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ലോകജനത.
Discussion about this post