ബൊഗോട്ട : കൊളംബിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലിക്ക് ഇടയിൽ സ്ഥാനാർത്ഥിക്ക് നേരെ വെടിവെപ്പ്. ബൊഗോട്ടയിൽ നടന്ന പ്രചാരണ റാലിക്കിടെ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും പ്രതിപക്ഷ സെനറ്ററുമായ മിഗ്വൽ ഉറിബെ ടർബെയ്ക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബിയയുടെ ദീർഘകാല മയക്കുമരുന്ന് യുദ്ധ കാലഘട്ടത്തിൽ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെട്ട ഒരു പത്രപ്രവർത്തകന്റെ മകനാണ് വലതുപക്ഷ സെനറ്ററായ ഉറിബെ ടർബെ.
തലസ്ഥാന നഗരത്തിന് സമീപത്തെ എൽ ഗോൾഫിറ്റോ പാർക്കിൽ വെച്ച് മിഗ്വൽ ഉറിബെ ഒരു ജനക്കൂട്ടത്തോട് സംവദിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു വെടിവെപ്പ് നടന്നത്. വലതുപക്ഷ ഡെമോക്രാറ്റിക് സെന്റർ പാർട്ടിയിലെ പ്രമുഖ നേതാവാണ് ഉറിബെ. 39 വയസ്സുകാരനായ ഉറിബെയെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു എന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
സംശയിക്കപ്പെടുന്ന അക്രമിയെ അറസ്റ്റ് ചെയ്തതായി ബൊഗോട്ട മേയർ കാർലോസ് ഗാലൻ അറിയിച്ചു. പ്രതിയുടെ ഐഡന്റിറ്റിയോ ലക്ഷ്യമോ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറിബെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. 2026 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം ഒരു സാധ്യതയുള്ള സ്ഥാനാർത്ഥിയായാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post