മലപ്പുറം : പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി പരിക്കേറ്റ വിദ്യാർത്ഥിയുടെ അമ്മ. സംഭവം നടന്ന സ്ഥലത്ത് മുമ്പും വൈദ്യുതി കമ്പികള്‍ ഇട്ടിരിക്കുന്നത് കണ്ടിരുന്നുവെന്നും അത് കെഎസ്ഇബി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും ആണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷാനുവിന്റെ അമ്മ ആരോപിക്കുന്നത്. ഷോക്കേറ്റ ഷാനു നിലവിൽ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്.
നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു ആണ് മരിച്ചത്. സുഹൃത്തുക്കളായ മറ്റു രണ്ട് വിദ്യാർത്ഥികൾക്കും ഷോക്കേറ്റിരുന്നു. വനത്തിനോട് ചേര്‍ന്നുള്ള തോടിന്റെ കരയിലൂടെ ആയിരുന്നു പന്നിക്കെണിക്കുള്ള കമ്പി ഇട്ടിരുന്നത്. അനന്തു ഈ കമ്പിയിൽ അറിയാതെ ചവിട്ടിയപ്പോൾ ഷോക്കേറ്റ് വീഴുകയായിരുന്നു. അനന്തുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടു വിദ്യാർത്ഥികൾക്ക് ഷോക്കേറ്റത്.
മരിച്ച അനന്തുവിന്റെ അച്ഛന്റെ ജേഷ്ഠന്റെ മകനാണ് ചികിത്സയിൽ കഴിയുന്ന ഷാനു. ഷാനുവിന്റെ രണ്ടു കാലുകളിലും മുറിവേറ്റിട്ടുണ്ട്. നിലവിൽ കടുത്ത പനിയും അനുഭവപ്പെടുന്നുണ്ട്. കുട്ടി ആകെ ഭയന്നിരിക്കുകയാണെന്ന് അമ്മ രജനി വ്യക്തമാക്കി. അനന്തു മരിച്ച വിവരം ഷാനുവിനെ അറിയിച്ചിട്ടില്ല എന്നും ഷാനുവിന്റെ അമ്മ രജനി അറിയിച്ചു.
Discussion about this post