ബൊഗോട്ട : കൊളംബിയയിൽ ഭൂചലനം. തലസ്ഥാനമായ ബൊഗോട്ടയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ബൊഗോട്ടയിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ കിഴക്കായി മധ്യ കൊളംബിയയിലെ പരാറ്റെബ്യൂനോ നഗരത്തിന് സമീപമാണ് ഭൂകമ്പം ഉണ്ടായത്.
ആദ്യ ഭൂചലനത്തിന് ശേഷം മിനിറ്റുകൾക്കുള്ളിൽ അതേ പ്രദേശത്ത് 4 മുതൽ 4.6 വരെ തീവ്രതയുള്ള തുടർ ചലനങ്ങൾ ഉണ്ടായതായി കൊളംബിയൻ ജിയോളജിക്കൽ സർവീസ് റിപ്പോർട്ട് ചെയ്തു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. ഉയർന്ന ഭൂകമ്പ പ്രവർത്തന മേഖലയാണ് കൊളംബിയ. 1999 ൽ കൊളംബിയയിൽ ഉണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെട്ടിരുന്നു.
ഭൂകമ്പത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകൾ ഇല്ലെന്ന് ബൊഗോട്ട മേയർ കാർലോസ് ഗാലൻ വ്യക്തമാക്കി. ഏതാനും കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളും ചില വൈദ്യുതി തടസ്സങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തടസ്സപ്പെട്ട സേവനങ്ങൾ ഉടൻതന്നെ പുനസ്ഥാപിക്കും എന്നും ബൊഗോട്ട മേയർ അറിയിച്ചു.
Discussion about this post