ഗാന്ധിനഗർ : അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ഉണ്ടായിരുന്നതായി സൂചന. ഗുജറാത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്ന വിജയ് രുപാനിയാണ് അപകടത്തിൽ പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. 2016 മുതൽ 2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ഇദ്ദേഹം. വിമാന അപകടത്തെ തുടർന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഗുജറാത്തിലേക്ക് തിരിച്ചു.
ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നുവീണത്. 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉള്ളത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത്. പറന്നുയർന്ന് 845 അടി എത്തിയപ്പോഴാണ് വിമാനം തകർന്നു വീണത് എന്നാണ് ലഭിക്കുന്ന സൂചന.
വിമാനാപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി കേന്ദ്രസർക്കാർ അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചു. ഇപ്പോഴും തീ അണക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് വിവരം. പ്രദേശത്ത് കനത്ത പുക ഉയർന്നിട്ടുണ്ട്. പരിക്കേറ്റ നിരവധിപേരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്
Discussion about this post