അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ദുരന്തത്തിൽ അതിയായ ദുഃഖമുണ്ടെന്നും അന്ത്യന്തം ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രം ദുരന്തബാധിതർക്കൊപ്പം നിലകൊളളുന്നുവെന്നും തന്റെ പ്രാർത്ഥനകൾ അവർക്കൊപ്പമുണ്ടെന്നും ദ്രൗപതി മുർമു എക്സിൽ കുറിച്ചു.
അഹമ്മദാബാദിലെ വിമാനാപകടം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ദുഃഖകരമായ ഈ സമയത്ത് തന്റെ ചിന്തകൾ ദുരന്തം ബാധിച്ച എല്ലാവരോടൊപ്പവുമാണെന്നും മോദി പറഞ്ഞു. ‘അഹമ്മദാബാദിലെ ദുരന്തം നമ്മെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. വാക്കുകൾക്ക് വിവരിക്കാനാകാത്തവിധം ഹൃദയഭേദകമാണിത്. ഈ ദുഃഖകരമായ സമയത്ത് എന്റെ ചിന്തകൾ ദുരന്തം ബാധിച്ച എല്ലാവരോടും ഒപ്പമാണ്. ദുരിതബാധിതരെ സഹായിക്കാനായി രംഗത്തുള്ള മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ട്’, മോദി ട്വീറ്റ് ചെയ്തു
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങൾക്കുളളിൽ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 169 ഇന്ത്യൻ യാത്രികരും 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തിൽ 170 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post