ടെൽ അവീവ് : ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ മിസൈൽ ആക്രമണങ്ങൾ നടത്തി ഇറാൻ. ഇസ്രായേൽ ഇറാന്റെ തലസ്ഥാനത്തും ആണവ കേന്ദ്രങ്ങളിലും നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ഇറാൻ തിരിച്ചടിച്ചിരിക്കുന്നത്. ഇറാൻ ടെൽ അവീവിൽ നടത്തിയ വ്യോമാക്രമണത്തിൽ പത്തിലേറെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 63 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ടെൽ അവീവിലെ ഇച്ചിലോവ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രദേശത്തെ ഒരു മൊബൈൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ഷ്രാപ്പ്‌നെൽ ഇടിച്ചതിനെ തുടർന്ന് ഇസ്രായേലിന്റെ അടിയന്തര സേവനത്തിലെ രണ്ട് അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ രാത്രി ടെൽ അവീവിലും ജറുസലേമിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയിരുന്നു.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. കാര്യമായ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നും ഐഡിഎഫ് അറിയിച്ചു. അതേസമയം കഴിഞ്ഞ രാത്രിയിലും ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിരവധി സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാന്റെ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തു.
Discussion about this post