തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് ജലാശയങ്ങൾ നിറഞ്ഞു കവിയുകയാണ്. പല മേഖലകളിലും റോഡുകളിൽ പോലും വെള്ളക്കെട്ട് രൂക്ഷമാണ്. സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇന്ന് മൂന്നുപേർ മരിച്ചു.
ഇന്നലെ ആലപ്പുഴ കടലിൽ കാണാതായ 15കാരൻ്റെ മൃതദേഹം ഇന്ന് കരക്കടിഞ്ഞു. ആലപ്പുഴ സ്വദേശി ഡോൺ (15) ആണ് മരിച്ചത്. ഇന്നലെ എട്ട് പേരടങ്ങിയ സംഘത്തോടൊപ്പം ആയിരുന്നു ഡോൺ കടലിൽ ഇറങ്ങിയിരുന്നത്. ഏഴുപേരെ രക്ഷിക്കാനായി. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ എട്ട് വയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. സാദത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് വീട് തകർന്ന് വയോധിക മരിച്ചു. മണ്ണാർക്കാട് മണലടിയിൽ സ്വദേശി പാത്തുമ്മബി (80)യാണ് മരിച്ചത്. പാലക്കാട് കുന്തിപ്പുഴയിൽ അമ്മയും മകളും പുഴയിൽ അകപ്പെട്ടു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post