ന്യൂയോർക്ക് : ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സിന് വീണ്ടും തിരിച്ചടി. ടെക്സാസിലെ മാസിയിലെ സ്‌പേസ് എക്‌സ് പരീക്ഷണ കേന്ദ്രത്തിൽ സ്ഫോടനം. ഒരു സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പൊട്ടിത്തെറിച്ചതാണ് ഉഗ്രസ്ഫോടനത്തിന് കാരണമായത്. റോക്കറ്റ് സിസ്റ്റത്തിന്റെ പത്താമത്തെ പരീക്ഷണ പറക്കലിനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് സ്ഫോടനം നടന്നത്.
പതിവ് എഞ്ചിൻ പരീക്ഷണത്തിനിടെ ബഹിരാകാശ പേടകത്തിന്റെ അടിത്തട്ടിൽ നിന്ന് ശക്തമായ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ സ്‌പേസ് എക്‌സ് അധികൃതർ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.
ബഹിരാകാശ വാഹനം നിലത്ത് നങ്കൂരമിട്ടിരിക്കുമ്പോൾ റോക്കറ്റിന്റെ എഞ്ചിനുകൾ കത്തിക്കുന്ന ഒരു പതിവ് നടപടിക്രമം നടത്തുമ്പോൾ ആയിരുന്നു ഈ വലിയ തിരിച്ചടി നേരിട്ടത്. നേരത്തെയും സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് വിക്ഷേപണത്തിനിടെ സൂപ്പർ ഹെവി ബൂസ്റ്ററും സ്റ്റാർഷിപ്പ് ബഹിരാകാശ പേടകവും ഒരു പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചിരുന്നു. മസ്‌കിന്റെ വലിയ സ്വപ്നമായ ബഹിരാകാശ പദ്ധതിയുടെ തുടർച്ചയായ മൂന്നാമത്തെ പരാജയമാണിത്.
Discussion about this post