ന്യൂഡൽഹി : ഇന്ത്യൻ എംബസി നേതൃത്വം നൽകിയ സമയോചിതമായ ഒഴിപ്പിക്കൽ നടപടികളിലൂടെ ഇറാനിൽ നിന്നുമുള്ള ആദ്യ ഇന്ത്യൻ ബാച്ച് ന്യൂഡൽഹിയിൽ എത്തിച്ചേർന്നു. 110 ഇന്ത്യൻ പൗരന്മാരാണ് ഇറാനിൽ നിന്നും ഒഴിപ്പിച്ച ആദ്യ ഇന്ത്യൻ സംഘത്തിൽ ഉള്ളത്. ന്യൂഡൽഹിയിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചു.
ഇന്ത്യൻ പൗരന്മാരാണ് എന്നതിൽ തങ്ങൾക്ക് വലിയ അഭിമാനമാണ് തോന്നുന്നതെന്ന് ഇറാനിൽ നിന്നും തിരിച്ചെത്തിയ സംഘം വ്യക്തമാക്കി. ഇറാനിൽ നിന്നും അർമേനിയയിലേക്ക് എത്തിച്ച ശേഷമാണ് ഇവരെ ഡൽഹിയിലേക്ക് കൊണ്ടുവന്നത്. സമയബന്ധിതമായും സുരക്ഷിതമായും ഒഴിപ്പിച്ചതിന് കേന്ദ്ര സർക്കാരിനും ഇറാനിലെയും അർമേനിയയിലെയും ഇന്ത്യൻ എംബസികൾക്കും അവർ നന്ദി അറിയിച്ചു.
‘ഓപ്പറേഷൻ സിന്ധു’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെയാണ് ഇന്ത്യ ഇറാനിൽ നിന്നുമുള്ള ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നത്. ഇന്ത്യൻ സംഘത്തിന്റെ ആദ്യ വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. ഇറാനിലെ ഉർമിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ 90 വിദ്യാർത്ഥികൾ ഉൾപ്പെടെയാണ് ഈ സംഘത്തിൽ ഉള്ളത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് വിമാനത്താവളത്തിൽ ഇവരെ സ്വീകരിച്ചു. കൂടുതൽ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനുള്ള അടുത്ത വിമാനം ഉടൻതന്നെ യാത്ര തിരിക്കും എന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Discussion about this post