ടെൽ അവീവ് : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ‘ആധുനിക ഹിറ്റ്‌ലർ’ ആണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഖമേനിക്ക് ഇനി തുടർന്നും ജീവിക്കാനുള്ള അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോളോണിൽ നടന്ന മിസൈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ആശുപത്രി സന്ദർശിച്ച ശേഷമായിരുന്നു ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ഈ പ്രതികരണം.
“ഹോളോകോസ്റ്റിന്റെ സമയത്ത്, ഇസ്രായേൽ രാഷ്ട്രം ഉണ്ടായിരുന്നെങ്കിൽ, ശക്തമായ ഒരു ഇസ്രായേൽ പ്രതിരോധ സേന നിലനിന്നിരുന്നുവെങ്കിൽ, ജൂത ജനതയുടെ ശത്രുവായ ഹിറ്റ്‌ലറെ ഞങ്ങൾക്ക് പിടികൂടാൻ കഴിയുമായിരുന്നു. ജൂതന്മാരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതി പരാജയപ്പെടുത്താൻ ഞങ്ങൾ ഐഡിഎഫിനെ അയാളുടെ ബങ്കറിലേക്ക് അയക്കുമായിരുന്നു. ഇപ്പോൾ ഇസ്രായേൽ നേരിടുന്നത് അതുപോലൊരു സാഹചര്യമാണ്.
ഖമേനി ആധുനിക ഹിറ്റ്‌ലറാണ്. ആശുപത്രികളിലും റെസിഡൻഷ്യൽ കെട്ടിടങ്ങളിലും ആക്രമണം നടത്താൻ ഖമേനി നേരിട്ട് ഉത്തരവിട്ടതിന്റെ തെളിവുകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇപ്പോൾ ഇസ്രായേൽ പ്രതിരോധ സേനയുടെ ലക്ഷ്യം ഖമേനി ആണ് “.
“ഇറാൻ പോലുള്ള ഒരു രാജ്യത്തിന്റെ തലവനും ഇസ്രായേലിന്റെ നാശം തന്റെ ദൗത്യവുമാക്കിയ ഖമേനിയെപ്പോലുള്ള ഒരു സ്വേച്ഛാധിപതിക്ക് ഇനിയും ജീവിക്കാനുള്ള അർഹതയില്ല. ഇസ്രായേലിനെ നശിപ്പിക്കുക എന്നത് ലക്ഷ്യമാക്കി മാറ്റിയ ഖമേനിയെപ്പോലുള്ള ഒരു സ്വേച്ഛാധിപതിയെ ഇനിയും തുടരാൻ അനുവദിക്കാനാവില്ല. ഐഡിഎഫിന് എല്ലാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്” എന്നും ഇസ്രായേൽ കാറ്റ്സ് സൂചിപ്പിച്ചു.
Discussion about this post