ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട നടൻ ജോജു ജോർജിന്റെ ആരോപണങ്ങൾ തള്ളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയിൽ അഭിനയിച്ചതിന് ജോജുവിന് പണം നൽകിയിട്ടുണ്ടെന്നും സിനിമ തിയറ്ററിൽ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ പറയുന്നു. മൂന്ന് ദിവസത്തെ ശമ്പളായി ഏകദേശം ആറുലക്ഷം (590000)രൂപയാണ് ജോജുവിനു പ്രതിഫലമായി ലഭിച്ചത്. സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് ലിജോ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമർശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാർഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോൾ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാൻ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയിൽ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങൾ.
ജോജുവിന്റെ വാക്കുകൾ
ചുരുളി എന്ന സിനിമയുടെ തെറി പറയുന്ന വേർഷൻ ഫെസ്റ്റിവലിന് മാത്രമേ പോവുകയുള്ളൂ എന്ന് പറഞ്ഞതിന്റെ പേരിൽ തെറി പറഞ്ഞ് അഭിനയിച്ചതാണ്. പക്ഷേ അവരത് റിലീസ് ചെയ്തു. ഇപ്പൊ ഞാനാണ് അത് ചുമന്നുകൊണ്ട് നടക്കുന്നത്. ചുരുളിയിൽ തെറി ഇല്ലാത്ത ഒരു വേർഷൻ ഉണ്ട്. അതിൽ ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. അത് തിയേറ്ററിൽ വരുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ തെറി പറഞ്ഞുള്ള വേർഷൻ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അത് അങ്ങനെ റിലീസ് ചെയ്യുമ്പോൾ നമ്മളോട് പറയേണ്ട ഒരു മര്യാദ ഉണ്ടായിരുന്നു. അതിൽ അഭിനയിച്ചതിന് എനിക്ക് പൈസ ഒന്നും കിട്ടിയിട്ടില്ല. ആ കാര്യത്തിലൊക്കെ എനിക്ക് നല്ല വിഷമമുണ്ട്. അത് ഞാൻ പ്രകടിപ്പിച്ചിട്ടുമുണ്ട്. പിന്നെ അതിന്റെ പേരിൽ കേസ് വന്നത്, ഒരുമര്യാദയുടെ പേരിൽ പോലും ഒരാളും വിളിച്ചു ചോദിച്ചില്ല. പക്ഷേ അത് ഞാൻ ജീവിക്കുന്ന എന്റെ നാട്ടില് ഭയങ്കര പ്രശ്‌നമായിരുന്നു. ഫുൾ തെറി പറയുന്ന നാടാണ് പക്ഷെ ഞാൻ അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ പ്രശ്‌നമായി. പക്ഷെ ഞാൻ ഇത് സിനിമയിൽ അഭിനയിച്ചതാണ്. ആ ഡാറ്റ ഇങ്ങനെ ഫെസ്റ്റിവലിന് മാത്രം പോകുന്നതാണ് എന്ന് പറഞ്ഞപ്പോൾ ആ ഫെസ്റ്റിവലിൽ പോയിവരും, എന്നാണു കരുതിയത്. ഇത് ഇങ്ങനെ പബ്ലിക് ആയിട്ട് വരും എന്ന് വിചാരിച്ചില്ല. പറഞ്ഞിട്ട് ഇനി കാര്യമില്ല അത് അങ്ങനെ സംഭവിച്ചു.
എന്നാൽ, എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നൽകിയിട്ടുണ്ടെന്നും രേഖകൾ സഹിതം ലിജോ ജോസ് പറയുന്നു
ലിജോ ജോസിന്റെ കുറിപ്പിന്റെ പൂർണരൂപം
പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക് ,
സുഹൃത്തുക്കളായ നിര്മാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം
എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ്
ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച,
ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട് .
സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ.
Nb : streaming on sony liv. ഒരവസരമുണ്ടായാൽ ഉറപ്പായും cinema തീയേറ്ററുകളിൽ റിലീസ് ചെയ്യും .
മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു .
Discussion about this post