നവജാത കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയതായി യുവാവിന്റെ വെളിപ്പെടുത്തൽ. പുതുക്കാട് വെള്ളികുളങ്ങരയിൽ ആണ് സംഭവം. പുതുക്കാട് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. പുതുക്കാട് വെള്ളികുളങ്ങര സ്വദേശികളായ 26 കാരനേയും 21 കാരിയേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇന്ന് പുലർച്ചെയാണ് യുവാവ് അസ്ഥിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യലിൽ മൂന്നു വർഷം മുമ്പാണ് സംഭവമെന്ന് പോലീസ് തിരിച്ചറിഞ്ഞു. അവിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷം യുവാവിന്റെ ആവശ്യപ്രകാരമാണ് എന്തെങ്കിലും തരത്തിലുള്ള ദോഷം തീരുന്നതിന് കുഞ്ഞിന്റെ അസ്ഥി പെറുക്കിയെടുത്തത്. ഈ അസ്ഥി യുവാവിനെ ഏൽപ്പിക്കുകയായിരുന്നു.
അതിന് ശേഷം യുവതി വീണ്ടും രണ്ടു വർഷം മുമ്പ് മറ്റൊരു കുഞ്ഞിന് ജന്മം നൽകി. ഈ കുട്ടിയും മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ രണ്ടു കുഞ്ഞുങ്ങളുടെ അസ്ഥികളുണ്ടായിരുന്നു. സംഭവം കണ്ട് ഞെട്ടിയ പോലീസ് എന്താണെന്ന് അന്വേഷിച്ചു വരികയാണ്.
Discussion about this post