ടെഹ്റാൻ : ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ. റഷ്യയുമായുള്ള സു-35 വിമാനങ്ങളുടെ കരാർ നടക്കാതെ വന്നതോടെയാണ് ഇറാന്റെ ഈ തീരുമാനം. ചൈനീസ് യുദ്ധവിമാനങ്ങൾക്ക് ചിലവ് കുറവായതിനാൽ മുൻഗണന നൽകുന്നു എന്ന് ടെഹ്റാൻ വ്യക്തമാക്കി. ചെങ്ഡു ജെ-10സി മൾട്ടിറോൾ ഫൈറ്റർ ജെറ്റുകൾ സ്വന്തമാക്കുന്നതിനായി ഇറാൻ ചൈനയുമായി ചർച്ചകൾ ശക്തമാക്കിയിട്ടുണ്ട്.
റഷ്യൻ നിർമ്മിത യുദ്ധവിമാനങ്ങളെക്കാൾ കുറഞ്ഞ ചിലവിൽ ലഭിക്കും എന്നുള്ളതാണ് ചൈനീസ് യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇറാനെ പ്രേരിപ്പിക്കുന്നത്. ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ചരിത്രപരമായി മോശം അവസ്ഥയിലായതിനാൽ പ്രതിരോധ ചിലവിന് ആവശ്യമായ ഫണ്ട് കണ്ടെത്താൻ ഇറാൻ ബുദ്ധിമുട്ടുണ്ട്. ഈ അവസ്ഥയിൽ റഷ്യയുമായുള്ള കരാർ നടപ്പിലാക്കാൻ കഴിയില്ല എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
റഷ്യൻ Su-35 ന് പകരം കൂടുതൽ താങ്ങാനാവുന്ന ഒരു ബദലായി ചൈനീസ് J-10C യെ ആണ് ഇറാൻ തിരഞ്ഞെടുത്തിട്ടുള്ളത്. Su-35 നെക്കാൾ യൂണിറ്റിന് ഏകദേശം 40–60 ദശലക്ഷം യുഎസ് ഡോളർ വില കുറവാണ് ചൈനീസ് J-10C ക്ക് എന്നുള്ളതാണ് ഇറാന്റെ ഈ തീരുമാനത്തിന് പിന്നിലെ കാരണം. ഇതോടൊപ്പം തന്നെ ആയുധം വാങ്ങലുകൾക്ക് വിദേശ കറൻസിയിൽ പണം വേണമെന്ന് റഷ്യയും ചൈനയും ഒരുപോലെ ആവശ്യപ്പെടുന്നതും ഇറാന് തിരിച്ചടിയായിട്ടുണ്ട്. ഹാർഡ് കറൻസിയുടെ കുറവ് നേരിടുന്ന ഇറാൻ എണ്ണയിലും വാതകത്തിലും ബാർട്ടർ പേയ്‌മെന്റുകൾ ആണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ചൈന ഈ വാഗ്ദാനം സ്വീകരിക്കുമോ എന്നുള്ള കാര്യം വ്യക്തമാക്കിയിട്ടില്ല.
Discussion about this post