അബുദാബി : വ്യാവസായിക രംഗത്തുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും യുഎഇയും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉരുക്ക്,ഘന വ്യവസായ, പൊതു സംരംഭ മന്ത്രി ശ്രീ എച്ച്.ഡി. കുമാരസ്വാമി യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി. ദുബായിൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ പ്രതിനിധി ഓഫീസ് കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുമായി അദ്ദേഹം ഉന്നതതല കൂടിക്കാഴ്ച നടത്തി.
ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ തന്ത്രപരമായ വിഷയങ്ങളിലുള്ള സഹകരണത്തെക്കുറിച്ച് കേന്ദ്രമന്ത്രി ചർച്ച നടത്തി. റാസൽഖൈമയിൽ നിന്ന് കുറഞ്ഞ സിലിക്ക ചുണ്ണാമ്പുകല്ല് ദീർഘകാലത്തേക്ക് ലഭ്യമാക്കൽ,
ഇന്ത്യയിൽ നിന്നുള്ള മൂല്യവർധിത ഉരുക്ക് കയറ്റുമതിയിലൂടെ വ്യാപാര പങ്കാളിത്തം വികസിപ്പിക്കൽ എന്നിവയിൽ ഇരു രാജ്യങ്ങളും ധാരണയിൽ എത്തി.
റാസൽഖൈമയിൽ നിന്നുള്ള പ്രാദേശിക ചുണ്ണാമ്പുകല്ലും പ്രകൃതിവാതകവും ഉപയോഗിച്ച് കാൽസിൻ ചെയ്ത കുമ്മായം ഉൽപാദന യൂണിറ്റുകൾ സ്ഥാപിക്കലിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ ഉൽപ്പാദകരിൽ ഒന്നായ സെയിൽ നിലവിൽ റാസൽഖൈമ ആസ്ഥാനമായുള്ള സ്റ്റീവിൻ റോക്ക് എൽഎൽസിയിൽ നിന്ന് പ്രതിവർഷം ഏകദേശം 2.5 ദശലക്ഷം ടൺ ചുണ്ണാമ്പുകല്ല് സംഭരിക്കുന്നുണ്ട്. സെയിലിന്റെ ശേഷി പ്രതിവർഷം 20 ദശലക്ഷം ടണ്ണിൽ നിന്ന് 35 ദശലക്ഷം ടണ്ണായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഭാവിയിൽ സംഭരണം ഉയരും.
20 ദശലക്ഷം ടണ്ണിലധികം വാർഷിക ക്രൂഡ് സ്റ്റീൽ ഉൽപാദന ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളിൽ ഒന്നായ സെയിൽ, മിഡിൽ ഈസ്റ്റും വടക്കേ ആഫ്രിക്കയും സ്റ്റീൽ ബിസിനസിന് വാഗ്ദാനം ചെയ്യുന്ന വലിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കൂടിയാണ് ദുബായിൽ പ്രതിനിധി ഓഫീസ് സ്ഥാപിച്ചത്. ഇതോടൊപ്പം ഇന്ത്യയിലെ മുൻനിര ഇരുമ്പയിര് ഉത്പാദകരായ എൻഎംഡിസി ലിമിറ്റഡിന്റെ അന്താരാഷ്ട്ര ഓഫീസും ദുബായിൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു.
Discussion about this post