ന്യൂഡൽഹി : അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധമായ ആഗോള മയക്കുമരുന്ന് മാഫിയയെ തകർത്ത് ഇന്ത്യയുടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഓപ്പറേഷൻ മെഡ് മാക്സ് എന്ന ദൗത്യത്തിലൂടെയാണ് എൻസിബി അന്താരാഷ്ട്രതലത്തിൽ വെല്ലുവിളിയായിരുന്ന മയക്കുമരുന്ന് മാഫിയയെ തകർത്തത്. നടപടിക്ക് പിന്നാലെ എൻസിബിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദനങ്ങൾ അറിയിച്ചു.
അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയെ തകർത്ത ഇന്ത്യയുടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് അമേരിക്കയും നന്ദി അറിയിച്ചു. “നിയമവിരുദ്ധ മയക്കുമരുന്നുകളിൽ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനും അമേരിക്കൻ ജീവൻ രക്ഷിക്കുന്നതിനും സഹായിച്ചതിന് എൻസിബിക്കും ഇന്ത്യൻ അധികാരികൾക്കും നന്ദി!” എന്ന് യുഎസ് എംബസി അറിയിച്ചു. എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ, ക്രിപ്‌റ്റോകറൻസി, അന്താരാഷ്ട്ര ഡ്രോപ്പ്-ഷിപ്പിംഗ് എന്നിവ ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് യുഎസ്എ, ഓസ്‌ട്രേലിയ, നിരവധി യൂറോപ്യൻ രാജ്യങ്ങൾ എന്നിവയിലേക്ക് മയക്കുമരുന്നുകൾ കടത്താൻ ആയിരുന്നു ഈ സംഘം ശ്രമിച്ചിരുന്നത്.
നാല് ഭൂഖണ്ഡങ്ങളിലും പത്തിലധികം രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു ആഗോള മയക്കുമരുന്ന് ശൃംഖലയായിരുന്നു ഇന്ത്യയുടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കൃത്യമായ ഇടപെടലിലൂടെ തകർക്കപ്പെട്ടത്. മെയ് 25 ന് ഡൽഹിയിലെ മണ്ടി ഹൗസിന് സമീപം നടന്ന പതിവ് വാഹന പരിശോധനയോടെയാണ് സംഘത്തെ കുറിച്ചുള്ള ആദ്യ സൂചന ലഭിച്ചത്. 3.7 കിലോഗ്രാം ട്രമാഡോൾ ഗുളികകളുമായി രണ്ട് വ്യക്തികളെ എൻസിബി ഉദ്യോഗസ്ഥർ പിടികൂടി. ഇരുവരും ബി. ഫാർമ ബിരുദധാരികളായിരുന്നു, വിദേശത്ത് മയക്കുമരുന്ന് വിൽക്കുന്നതിനായി ഒരു ജനപ്രിയ ഇന്ത്യൻ ബി2ബി പ്ലാറ്റ്‌ഫോമിൽ വെണ്ടർ പ്രൊഫൈൽ നടത്തിയതായി അറസ്റ്റിലായ പ്രതികൾ വെളിപ്പെടുത്തി. കൂടുതൽ അന്വേഷണത്തിൽ ഡൽഹിയിലെ റൂർക്കിയിലും കർണാടകയിലെ ഉഡുപ്പിയിലും നിന്ന് ഈ സംഘത്തിൽ പ്രവർത്തിച്ചിരുന്ന ആളുകളെ കണ്ടെത്തി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നടപടിയിൽ എട്ടുപേരാണ് അറസ്റ്റിലായത്.
പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളെ തുടർന്ന് 50 അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ഷിപ്പ്മെന്റുകൾ എൻസിബി ട്രാക്ക് ചെയ്തു. ഇവയിൽ 29 എണ്ണം യുഎസിലും 18 എണ്ണം ഓസ്‌ട്രേലിയയിലും, ഓരോന്ന് വീതം സ്‌പെയിൻ, എസ്റ്റോണിയ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലേക്കും ആയിരുന്നു. എൻസിബി കണ്ടെത്തിയ ഈ വിവരങ്ങൾ ആഗോള ഏജൻസികളുമായും ഇന്റർപോളുമായും പങ്കിട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് വിവിധ വിദേശരാജ്യങ്ങളിൽ റെയ്ഡുകൾ നടക്കുകയും വൻതോതിൽ ഉള്ള മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
Discussion about this post