പ്രസവിച്ചാൽ 18 ലിറ്റർ പാൽ നൽകുമെന്ന് ഉറപ്പ് നൽകി പശുവിനെ വിറ്റയാൾക്ക് പിഴ. 2022 ഏപ്രിൽ 9 നാണ് കാസർഗോഡ് ബദിയടുക്ക സ്വദേശി മത്തായി ഗർഭിണിയായ പശുവിനെ 36,500 രൂപ നൽകി വാങ്ങിയത്. നാട്ടുകാരനായ ഗണേഷ് റാവു എന്നയാളുടെ ആയിരുന്നു പശു. എന്നാൽ പ്രസവശേഷം പശുവിനെ കറന്നപ്പോൾ തിരഞ്ഞെടുപ്പ് വാഗ്ദാനം പോലെയായി കാര്യങ്ങൾ. പറഞ്ഞ കണക്കിന് അടുത്തെങ്ങും പാൽ ഇല്ല. കഷ്ടിച്ച് രണ്ട് ലിറ്റർ കിട്ടും. കറക്കാൻ ചെന്നാൽ പശു തൊഴിക്കും. കിടാവിനും പാല് കൊടുക്കുന്നില്ല. അതിനെയും തൊഴിച്ച് ദൂരെയെറിയും എന്ന് മത്തായി പറയുന്നു.
ഗണേഷിന്റെ വീട്ടിലെത്തി. മത്തായി കാര്യം പറഞ്ഞു.തർക്കമായി. വീട്ടിൽ കയറി അസഭ്യം പറഞ്ഞെന്ന് പറഞ്ഞ ഗണേഷിന്റെ ഭാര്യ മത്തായിക്ക് എതിരെ പരാതിപ്പെട്ടു. തുടർന്ന് പോലീസ് സ്റ്റേഷനിൽ നടത്തിയ മധ്യസ്ഥ ചർച്ചയിൽ തന്റെ പശുവിന് 18 ലിറ്റർ കിട്ടുമെന്ന വാദത്തിൽ ഗണേഷ് ഉറച്ചു നിന്നു. എന്റെ വീട്ടിൽ നിന്ന് മാറിയത് കൊണ്ട് ആകാം ഇങ്ങനെ. പശുവിനെ എന്റെ വീട്ടിലെത്തിച്ചാൽ 18 ലിറ്റർ കറന്ന് കാണിക്കാമെന്ന് റാവു പറഞ്ഞു.തുടർന്ന് എല്ലാവരും ചെന്ന് ഗണേഷിന്റെ വീട്ടിലെത്തി ഇയാൾ പാൽ കറക്കാൻ നോക്കിയെങ്കിലും പറഞ്ഞത്ര കിട്ടിയില്ല. പശുവിനെയും കിടാവിനെയും ഇനി വിട്ടുതരില്ലെന്നായി ഗണേഷ്. പോലീസിന്റെ ഉപദേശപ്രകാരം മത്തായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ പരാതി നൽകി. പക്ഷേ ഗണേഷ് അതോറിറ്റിയിൽ ഹാജരായില്ല.കാശ് പോയപോലെ പശു പോയാൽ മത്തായിക്ക് ചുമ്മാ അങ്ങ് പോകാൻ പറ്റുമോ മത്തായി വിട്ടു കൊടുക്കുമോ കാസർഗോഡ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി.
കമ്മീഷന് കാര്യം മനസിലായി. പണം തിരികെ നൽകാനും നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും നൽകാനും ഗണേഷിനോട് നിർദ്ദേശിച്ചു. കാസർഗോഡ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ തീർപ്പിന് എതിരെ ഗണേഷ് സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ അപ്പീൽ നൽകി. മത്തായിക്ക് പശുവിനെ വാങ്ങിയ ഒരു രസീതും ഹാജരാക്കാൻ കഴിയില്ലെന്നും ഇടപാടിലെ പോരായ്മ നിർണ്ണയിക്കാൻ വാമൊഴി തെളിവുകൾ മാത്രം പര്യാപ്തമല്ലെന്നും ഗണേഷ് വാദിച്ചു. എന്നാൽ, പശുവിനെ വാങ്ങുന്നത് പോലുള്ള നാട്ടിൻപുറത്തെ ഇടപാടുകളിൽ ആരും രസീത് പോലെയുള്ള കൊടുക്കില്ല എന്ന സാമാന്യയുക്തി കണക്കിലെടുത്ത് രേഖാമൂലമുള്ള തെളിവുകൾ നിർബന്ധിക്കാൻ കഴിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. അത്തരം സന്ദർഭങ്ങളിൽ, വിശ്വസനീയവും ബോധ്യപ്പെടുത്തുന്നതുമാണെങ്കിൽ വാമൊഴി തെളിവുകൾ പരിഗണിക്കാവുന്നതാണെന്നും വ്യക്തമാക്കി.
വ്യാജ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇടപാട് നടന്നുവെന്നത് മത്തായിയുടെ മൊഴിയിൽ നിന്ന് ബോധ്യമാകുന്നുണ്ടെന്ന് സംസ്ഥാനകമ്മീഷൻ പറഞ്ഞു. മത്തായിയിൽ നിന്ന് റാവു വാങ്ങിയ 36,500 രൂപ തിരികെ നൽകാനും, നഷ്ടപരിഹാരമായി 15,000 രൂപയും, കോടതി ചെലവായി 5,000 രൂപയും നൽകാനും നിർദ്ദേശിച്ച ജില്ലാ ഫോറത്തിന്റെ ഉത്തരവ് സംസ്ഥാന കമ്മീഷൻ ശരിവച്ചു.
Discussion about this post