ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യയുടെ അഭിമാനവും ലോക് ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്. ദുർബലെന്ന കളിക്കാരനെന്ന് കാൾസൻ ഗുകേഷിനെ വിളിച്ച് മണിക്കൂറിനുള്ളിലാണ് മത്സരം നടന്നതും പരാജയം സമ്മതിച്ചതും. ക്രൊയേഷ്യയിൽ ഗ്രാൻഡ് ചെസ് ടൂറിന്റെ ഭാഗമായി നടക്കുന്ന സൂപ്പർ യുണൈറ്റഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിലെ ആറാം റൗണ്ടിലാണ് ഗുകേഷ് വീണ്ടും കാൾസനെ പരാജയപ്പെടുത്തിയത്.
ടൂർണമെൻറിലെ ഏറ്റവും ദുർബലനായ എതിരാളിയായാണ് താൻ ഗുകേഷിനെ കാണുന്നതെന്നായിരുന്നു കാൾസന്റെ പരിഹാസം. മികച്ച കളിക്കാരനെന്ന് അംഗീകരിക്കപ്പെടണമെങ്കിൽ ഗുകേഷ് ഇനിയുമൊരുപാട് തെളിയിക്കാനുണ്ടെന്നും ടൂർണമെൻറിന് മുൻപ് നൽകിയ അഭിമുഖത്തിൽ കാൾസൻ പരിഹസിച്ചിരുന്നു.
നോർവെയുടെ ലോക ഒന്നാം നമ്പർ താരത്തെ കറുത്ത കരുക്കളുമായി കളിച്ചാണ് 18-കാരൻ ഗുകേഷ് പരാജയപ്പെടുത്തിയത്. 49 നീക്കങ്ങൾക്കൊടുവിൽ കാൾസൻ മത്സരം അവസാനിപ്പിക്കുകയായിരുന്നു. കാൾസനെതിരേ ഗുകേഷിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ഇതോടെ ആറു കളികളിൽ നിന്ന് 10 പോയന്റുമായി ഗുകേഷ് ഒന്നാമതെത്തി.
പരാജയത്തിന് പിന്നാലെ,തൻറെ കളി മോശമായിരുന്നുവെന്നും അതിനുള്ള ശിക്ഷയാണ് ലഭിച്ചതെന്നും കാൾസൻ പ്രതികരിച്ചു. ഗുകേഷിൻറെ നീക്കങ്ങൾ മനസിലാക്കുന്നതിൽ പിഴവ് പറ്റിയെന്നും മികച്ച കളിയാണ് ഗുകേഷ് പുറത്തെടുത്തതെന്നും കാൾസൻ സമ്മതിച്ചു. ചെസ് കളിക്കുന്നത് തനിക്കിപ്പോൾ ആസ്വദിക്കാൻ കഴിയുന്നില്ലെന്നും പഴയതുപോലെയുള്ള ഒഴുക്ക് കളിയിൽ നഷ്ടമാകുന്നുവെന്നും കാൾസൻ വെളിപ്പെടുത്തി. അത് തന്നെ നിരാശപ്പെടുത്തുന്നുവെന്നും മോശം പ്രകടനങ്ങൾക്ക് കാരണമാകുന്നുവെന്നും താരം കൂട്ടിച്ചേർത്തു.









