ന്യൂഡൽഹി : 2025 ലെ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിന്റെ ട്രോഫികൾ പ്രസിഡന്റ് ദ്രൗപദി മുർമു വെള്ളിയാഴ്ച അനാച്ഛാദനം ചെയ്തു. രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. മൂന്ന് സർവീസുകൾക്കുവേണ്ടി ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡ് സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ സർവീസസ് ടീമുകളും ഇന്ത്യയിലെ ചില മുൻനിര ഫുട്ബോൾ ക്ലബ്ബുകളും തമ്മിലുള്ള മത്സരങ്ങൾ നടക്കും.
2025 ലെ ഡ്യൂറണ്ട് കപ്പ് ജൂലൈ 23 മുതൽ ഓഗസ്റ്റ് 23 വരെയാണ് സംഘടിപ്പിക്കപ്പെടുന്നത്. അഞ്ചു സംസ്ഥാനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. പശ്ചിമ ബംഗാൾ, അസം, മണിപ്പൂർ, മേഘാലയ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ആറ് വേദികളിലായി മത്സരങ്ങൾ നടക്കും. കഴിഞ്ഞ വർഷങ്ങളിലായി ഡ്യൂറണ്ട് കപ്പിൽ അന്താരാഷ്ട്ര പങ്കാളിത്തവും ഉണ്ടായിട്ടുണ്ട്. അയൽ രാജ്യങ്ങളിൽ നിന്നുള്ള ആർമി ടീമുകൾ ആണ് മത്സരത്തിൽ പങ്കുചേർന്നിരുന്നത്.
അന്താരാഷ്ട്ര പരിപാടികളിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ ഉണ്ടാകുന്നത് കൂട്ടായ അഭിമാനം ആണെന്ന് രാഷ്ട്രപതി ചടങ്ങിൽ വ്യക്തമാക്കി. “ആളുകളെയും പ്രദേശങ്ങളെയും രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള അതുല്യമായ ശക്തി കായിക വിനോദത്തിനുണ്ട്. ഇന്ത്യയിൽ, ദേശീയോദ്ഗ്രഥനത്തിനുള്ള ശക്തമായ ഉപകരണമായി കായികരംഗം പ്രവർത്തിക്കുന്നു” എന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Discussion about this post