പാലക്കാട് : പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനാൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. തച്ചനാട്ടുകര പഞ്ചായത്തിലെയും കരിമ്പുഴ പഞ്ചായത്തിലെയുമായി 6 വാർഡുകൾ ജില്ലാഭരണകൂടം കണ്ടെയിൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു.
തച്ചനാട്ടുകര പഞ്ചായത്തിലെ 7,8,9, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളുമാണ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാർഡുകളിൽ ഉള്ള വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ പാടില്ല എന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
തച്ചനാട്ടുകര നാട്ടുകൽ സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. വൈകിട്ട് 4:00 മണിയോടെ ഫലം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. രോഗബാധിതയായ യുവതി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post