ബെംഗളൂരു : സംവിധായകൻ രഞ്ജിത്തിന് കോടതിയിൽ നിന്നും ആശ്വാസ വിധി. രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതിയാണ് കേസ് റദ്ദാക്കിയത്. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് സമർപ്പിച്ച ഹർജിയിലാണ് കർണാടക ഹൈക്കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.
ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്ന യുവാവിന്റെ പരാതിയെ തുടർന്നാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്. യുവാവ് പരാതിയിൽ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്ന് കാണിച്ചാണ് രഞ്ജിത്ത് കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേസിൽ നേരത്തെ രഞ്ജിത്തിനെതിരെയുള്ള ക്രിമിനൽ നടപടിക്രമങ്ങൾ കോടതി തടഞ്ഞിരുന്നു.
യുവാവിന്റെ പരാതിയിൽ പറയുന്ന സമയത്ത് താജ് ഹോട്ടൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല എന്നുള്ളതാണ് കേസിൽ രഞ്ജിത്തിന് ഗുണകരമായി മാറിയത്. യുവാവ് ആരോപിക്കുന്ന സംഭവം നടന്ന് 12 വർഷങ്ങൾക്ക് ശേഷമാണ് പരാതി നൽകിയത് എന്നുള്ളതും രഞ്ജിത്ത് ഹർജിയിൽ ചൂണ്ടിക്കാട്ടി. യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണെന്നും രഞ്ജിത്ത് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post