ലക്നൗ: ഗുംനാമി ബാബ എന്ന പേരില്‍ അറിയപ്പെട്ട സന്ന്യാസി നേതാജി സുഭാഷ് ചന്ദ്രബോസ് ആണെന്ന നിഗമനത്തിന് ശക്തി പകര്‍ന്ന് പുതിയ വാര്‍ത്തകള്‍. ബാബയുടെ വ്യക്തിപരമായ ശേഖരത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ കുടുംബചിത്രങ്ങള്‍ കണ്ടെത്തിയതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. യു.പിയില്‍ ഫൈസാബാദ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന ബാബയുടെ വസ്തുക്കള്‍ മ്യൂസിയത്തിലേക്ക് മാറ്റുന്ന നടപടികള്‍ നടക്കുന്നതിനിടെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. നേരത്തെ എന്‍ഐഎ യൂണിഫോം, ഒമേഗ റോളക്സ് വാച്ച്ുകള്, വൃത്താകൃതിയിലുള്ള കണ്ണട, തുടങ്ങിയ വസ്തുക്കളും ഗുംനാമി ബാബയുടെ ശേഖരത്തില്‍ കണ്ടെത്തിയിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
സുഭാഷ് ചന്ദ്രബോസിന്റെ ഒറ്റയ്ക്കുള്ളതും മാതാപിതാക്കളായ ജാന്കിനാഥ് ബോസിന്റെയും പ്രഭാവതി ബോസിന്റെയും ചിത്രങ്ങള്‍ ശേഖരത്തിലുണ്ട്. കൂടാതെ വിവിധ ചിത്രങ്ങളിലായി അദ്ദേഹത്തിന്റെ 22ഓളം കുടുംബാംഗങ്ങളെയും, നേതാജിയുടെ അനന്തിരവള്‍ ലളിത ബോസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാം ഭവന്റെ ഉടമസ്ഥനായ ശക്തിസിങ് പറയുന്നു. 1982 മുതല്‍ 85 വരെ ഗുംനാമി ബാബ വസിച്ചിരുന്നത് ലക്നൗവിലെ രാംഭവനിലാണ്. 1985 സെപ്റ്റംബര്‍ 16ന് ബാബ മരിച്ചതോടെ ഫൈസാബാദിലെത്തിയ ലളിത ബോസ്, ബാബയുടെ വസ്തുക്കള്‍ തന്റെ അമ്മാവന് സുഭാഷിന്റേതാണെന്ന് തിരിച്ചറിയുകയും അലഹബാദ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു.
1950കളില്‍ ഇന്ത്യയില്‍ എത്തുകയും ഉത്തര്‍പ്രദേശിലെ ലക്നൗ, നൈമിശാരണ്യ, സീതാപൂര്‍, ബസ്തി, അയോധ്യ, അവസാനം ഫൈസാബാദ് എന്നിവിടങ്ങളില്‍ ജീവിക്കുകയും ചെയ്തിരുന്ന ഭഗ്വാന്‍ജി എന്ന സന്യാസി, നേതാജിയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. നാമമില്ലാത്ത സന്യാസി എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം ഗുംനാമി ബാബ എന്ന പേരിലാണ് അറിയപ്പെട്ടത്.
മുപ്പതോളം പെട്ടികളിലായി ഏതാണ്ട് മൂവായിരത്തോളം സാധനങ്ങളാണ് ബാബ താമസിച്ചിരുന്ന രാംഭവന്‍ എന്ന വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നത്. ഇംഗ്ലണ്ടില്‍ നിര്‍മ്മിതമായ എംപയര്‍ കൊറോണ ടൈപ്പ് റൈറ്റര്‍, വിദേശ നിര്‍മ്മിത ലൈറ്ററുകള്‍, തെര്‍മോമീറ്ററുകള്‍, ഫിലിപ്സ് ട്രാന്‍സിസ്റ്റര്‍, നേതാജിയുടേയും അദ്ദേഹത്തിന്റെ മാതാപിതാക്കളുടേയും അപൂര്‍വ ചിത്രങ്ങള്‍, പത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, ജാപ്പനീസ് അലങ്കാര പാത്രങ്ങള്‍, രണ്ടാം ലോകമഹായുദ്ധകാലത്തെ ജര്‍മ്മന്‍ നിര്‍മ്മിത ഹെന്‍സോള്‍ട്ട് വെറ്റ്സ്ലര്‍ ബൈനോക്കുലര്‍, എച്ച് എം.വി. ഡിസ്ക് പ്ലേയറുകള്‍, പോര്‍ട്ടബിള്‍ വാട്ടര്‍ ഫില്‍ട്ടര്‍, നൂറു കണക്കിന് പുസ്തകങ്ങള്‍ എന്നിവയാണ് ബാബയുടെ ശേഖരത്തില്‍ ഉണ്ടായിരുന്നത്.
Discussion about this post