അഫ്ഗാനിസ്ഥാനിൽ ആറ് വയസ്സുള്ള ഒരു പെൺകുട്ടിയെ പണത്തിന് വേണ്ടി വിറ്റതായി കണ്ടെത്തി. നിലവിൽ വിദേശത്ത് പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര അഫ്ഗാൻ മാധ്യമമായ ഹാഷ്-ഇ സുബ് ഡെയ്‌ലി ആണ് ഈ സംഭവം പുറത്തുവിട്ടിരിക്കുന്നത്. 45 കാരനായ ഒരു വ്യക്തി ആറു വയസ്സുള്ള പെൺകുട്ടിയെ പണം കൊടുത്ത് വാങ്ങുകയും പിന്നീട് വിവാഹം കഴിക്കുകയും ആയിരുന്നു. സംഭവം വാർത്തയായതോടെ താലിബാൻ സർക്കാർ നേരിട്ട് വിഷയത്തിൽ ഇടപെട്ടു. തുടർന്ന് 45 കാരനെയും ആറുവയസ്സുകാരിയെയും താലിബാൻ കസ്റ്റഡിയിലെടുത്തു.
ആറു വയസ്സിലുള്ള വിവാഹം അനുവദിക്കാൻ ആവില്ല എന്നാണ് താലിബാൻ വ്യക്തമാക്കിയിരിക്കുന്നത്. 9 വയസ്സുവരെ കാത്തിരിക്കണം എന്നാണ് താലിബാൻ നിർദ്ദേശിച്ചിട്ടുള്ളത്. തുടർന്ന് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയെ താലിബാൻ സർക്കാർ കുട്ടിയുടെ വീട്ടുകാർക്കൊപ്പം പറഞ്ഞുവിട്ടു. പെൺകുട്ടിയുടെ പിതാവ് പണം കടം വാങ്ങിയിരുന്ന 45 കാരനാണ് പണത്തിന് പകരമായി ആറു വയസ്സുകാരിയെ വാങ്ങുകയും വിവാഹം കഴിക്കുകയും ചെയ്തത്.
അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ ആണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. മർജ ജില്ലയിൽ താമസിക്കുന്ന 45 കാരന് നിലവിൽ മറ്റു രണ്ടു ഭാര്യമാർ കൂടിയുണ്ട്. ആറു വയസ്സുകാരിയുടെ പിതാവിന് കടമായി വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ ആയതോടെയാണ് 45 കാരൻ പണത്തിന് പകരമായി പെൺകുട്ടിയെ സ്വന്തമാക്കിയത്.
2021-ൽ താലിബാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചതിനുശേഷം അഫ്ഗാനിസ്ഥാനിൽ ശൈശവ വിവാഹത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post