ബ്രസീലിയ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ബ്രസീൽ. ബ്രസീലിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്’ ആണ് മോദിക്ക് സമർപ്പിച്ചത്. ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവ ആണ് പ്രധാനമന്ത്രിക്ക് ഈ ബഹുമതി സമർപ്പിച്ചത്. നരേന്ദ്രമോദിക്ക് ലഭിക്കുന്ന ഇരുപത്തിയാറാമത്തെ അന്താരാഷ്ട്ര പരമോന്നത ബഹുമതിയാണിത്.
ബ്രസീലിലെ ബ്രസീലിയയിലെ അൽവോറാഡ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ബ്രസീൽ പരമോന്നത ബഹുമതി സമർപ്പിച്ചത്. ” ഈ ബഹുമതി എനിക്ക് മാത്രമല്ല 140 കോടി ഇന്ത്യക്കാർക്കും വളരെയധികം അഭിമാനത്തിന്റെയും വികാരത്തിന്റെയും നിമിഷമാണ്. ഇതിനായി ഞാൻ ബ്രസീൽ പ്രസിഡണ്ടിനും സർക്കാരിനും ബ്രസീൽ ജനതയ്ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇന്ത്യ-ബ്രസീൽ തന്ത്രപരമായ പങ്കാളിത്തത്തിന്റെ മുഖ്യ ശില്പിയാണ് എന്റെ സുഹൃത്ത് പ്രസിഡന്റ് ലുല. ഉഭയകക്ഷി ബന്ധം ഉയർത്താനുള്ള കൂട്ടായ ശ്രമങ്ങളെയാണ് ഈ ബഹുമതി പ്രതിഫലിപ്പിക്കുന്നത്” എന്ന് ബ്രസീലിന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ബ്രസീലിയ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദിയെ അൽവോറാഡ കൊട്ടാരത്തിൽ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ സ്വീകരിച്ചു. 114 കുതിരകളുടെ സല്യൂട്ട്, ഗാർഡ് ഓഫ് ഓണർ എന്നിവ നൽകി ആദരിച്ചായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയെ ബ്രസീൽ സ്വീകരിച്ചത്. ഇന്ത്യയും ബ്രസീലും തമ്മിൽ നടന്ന ഉഭയകക്ഷി വ്യാപാര ചർച്ചയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 20 ബില്യൺ ഡോളറായി ഉയർത്താൻ തീരുമാനമായി.
Discussion about this post