മുംബൈ; മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ നവജാതശിശു സംസ്‌കാരചടങ്ങിനിടെ കരഞ്ഞു. മുംബൈയിലെ അംബജോഗൈയിലെ സ്വാമി രാമനാഥതീർത്ഥ സർക്കാർ ആശുപത്രിയിലാണ് സംഭവം. മരിച്ചെന്ന് അറിയിച്ച ശേഷം കുഞ്ഞിനെ ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറി. എന്നാൽ, 12 മണിക്കൂറിന് ശേഷം കുട്ടി കരയുകയായിരുന്നു.
ഈ മാസം ഏഴിന് രാത്രിയാണ് മുംബൈ സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ, എട്ട് മണിയോടെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് സംസ്‌കാര ചടങ്ങുകൾക്കായി കുഞ്ഞിന്റെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് മൃതദേഹം സംസ്‌കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ കുഞ്ഞിന്റെ മുഖം അവസാനമായി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെട്ടു. ഇതിനായി മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പോൾ കുഞ്ഞ് കരയുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
അതേസമയം ജനിച്ചശേഷം കുഞ്ഞിൽ ജീവന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്നും ആണ് ആശുപത്രി അധികൃതരുടെ വാദം. 27 ആഴ്ച ഭ്രൂണ വളർച്ചയുള്ളപ്പോഴാണ് യുവതി ആശുപത്രിയിൽ എത്തിയത്.
Discussion about this post