ലഖ്‌നൗ : ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നടന്ന പോലീസ് ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടാസംഘ അംഗം ഷാർപ്പ് ഷൂട്ടർ ഷാരൂഖ് പത്താൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായുള്ള (എസ്‌ടിഎഫ്) ഏറ്റുമുട്ടലിൽ ഗുണ്ടാതലവൻ കൊല്ലപ്പെട്ടത്. ഗുണ്ടാനേതാവ് മുഖ്താർ അൻസാരി, സഞ്ജീവ് ജീവ എന്നിവരുടെ സംഘവുമായി ബന്ധമുള്ള ആളാണ് കൊല്ലപ്പെട്ട ഷാരൂഖ്.
ഖലാപർ നിവാസിയായ ഷാരൂഖ് പത്താൻ പോലീസിന് നേരെ പത്ത് റൗണ്ടിലധികം വെടിയുതിർത്തു. ഇതിനു മറുപടിയായി ഉള്ള പോലീസിന്റെ പ്രതികരണത്തിൽ ഷാരൂഖ് പത്താൻ കൊല്ലപ്പെടുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് മൂന്ന് പിസ്റ്റളുകളും 60 ലധികം വെടിയുണ്ടകളും ഒരു കാറും എസ്ടിഎഫ് കണ്ടെടുത്തു. നിരവധി കൊലപാതക, പിടിച്ചുപറി കേസുകളിൽ പ്രതിയാണ് ഷാരൂഖ് പത്താൻ.
മുസാഫർനഗറിലെ ഖലാപറിൽ താമസിക്കുന്ന ജാരിഫിന്റെ മകനായ ഷാരൂഖ് പത്താൻ, സഞ്ജീവ് ജീവ സംഘത്തിലെ വിശ്വസ്തനായ ഷാർപ്പ്ഷൂട്ടറാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ കാറിൽ സഞ്ചരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മീററ്റ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പിന്തുടർന്ന് എത്തുകയായിരുന്നു. തുടർന്ന് പോലീസും ഷാരൂഖ് പത്താനും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. രണ്ട് കൊലക്കേസുകളിൽ പ്രതിയായ ഇയാൾ ആറുമാസങ്ങൾക്കു മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയിരുന്നത്.
Discussion about this post