ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അതിന്റെ ഏറ്റവും ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി നേടാൻ ഇരു ടീമുകളും ശ്രമിക്കുമ്പോൾ ഈ പരമ്പരയിലിടനീളവും സ്ലെഡ്ജിങ്ങും തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. ഇംഗ്ലണ്ട് 2-1 ന് മുന്നിൽ നിൽക്കുന്ന പരമ്പര സമനിലയിലാക്കാൻ ഈ മത്സരം ജയിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്.
ഏതായാലും ഇപ്പോൾ നടാക്കുന്ന ഓവൽ ടെസ്റ്റിലേക്ക് ഇംഗ്ലണ്ടിൻറെ ഒന്നാം ഇന്നിംഗ്സ് 247 റൺസിൽ അവസാനിപ്പിച്ച് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിൽ ഭേദപ്പെട്ട തുടക്കം ആണ് കിട്ടിയിരിക്കുന്നത്. 23 റൺസിൻറെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിലാണ്. 51 യശസ്വി ജയ്സ്വാളും നാലു റണ്ണുമായി നൈറ്റ് വാച്ച്‌മാൻ ആകാശ് ദീപും ക്രീസിലുണ്ട്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോൾ 52 റൺസിൻറെ ലീഡുണ്ട്.
ഇന്ത്യ ആദ്യ ഇന്നിങ്സിൽ ഉയർത്തിയ 224 റൺ പിന്തുടർന്ന ഇംഗ്ലണ്ട് തുടക്കത്തിലെ വമ്പനടികൾക്ക് ശേഷം പിന്നെ തകരുക ആയിരുന്നു. ഓപ്പണർമാർ നൽകിയ മികച്ച തുടക്കം തന്നെ ആയിരുന്നു ഇംഗ്ലണ്ട് ഇന്നിങ്സിന്റെ അടിത്തറ. അതിൽ തന്നെ ബെൻ ഡകറ്റ് ആയിരുന്നു കൂടുതൽ ആക്രമണകാരി. ഇന്ത്യയുടെ എല്ലാ ബോളർമാർക്കും താരം വയറു നിറയെ കൊടുത്തു. ആകാശ് ദീപിന് ആയിരുന്നു ഇതിൽ തന്നെ കൂടുതൽ പ്രഹരം കിട്ടിയത്. എന്തായാലും ഒടുവിൽ ബെനിന്റെ വിക്കറ്റ് എടുത്ത ശേഷം ദേഷ്യത്തിൽ താരത്തിന്റെ തോളിൽ കൈവെച്ച് ആണ് യാത്രയപ്പ് നൽകിയത്. ബെൻ ഡകറ്റ് ഒരു മറുപടിയും നൽകാതെ മടങ്ങുകയും ചെയ്തു. ആകാശിന്റെ ഈ പ്രവർത്തിക്ക് വലിയ രീതിയിൽ ഉള്ള വിമർശനമാണ് കിട്ടുന്നത്.
ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് മാർക്കസ് ട്രെസ്കോത്തിക് ഡക്കറ്റിന്റെ ശാന്തതക്ക് അദ്ദേഹത്തെ പ്രശംസിച്ചു. ഡക്കറ്റിൽ നിന്ന് മറുപടി ലഭിക്കാതിരുന്നത് ആകാശിന്റെ ഭാഗ്യമാണെന്ന് അദ്ദേഹം കരുതി. “എന്റെ കാലത്ത് പല കളിക്കാരും ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ ആ കൈ ഞാൻ തട്ടി മാറ്റുമായിരുന്നു. ഒരാളെ പുറത്താക്കിയ ശേഷം ഒരു ബൗളർ അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല,” അദ്ദേഹം പറഞ്ഞു.
ഡക്കറ്റ് ടീമിനുവേണ്ടി തന്റെ ജോലി ചെയ്തുവെന്നും ശാന്തമായി മൈതാനത്ത് നിന്ന് ഇറങ്ങിപ്പോയത് ശരിയായിരുന്നുവെന്നും അസിസ്റ്റന്റ് കോച്ച് പറഞ്ഞു. “ഈ പരമ്പരയിൽ ഇരു ടീമുകളിലെയും ബൗളർമാർ പ്രതികരിച്ചു, പക്ഷേ ആകാശ് ചെയ്തത് വ്യത്യസ്തമായിരുന്നു. ഞങ്ങൾ അതിനെക്കുറിച്ച് തമാശ പറയുകയായിരുന്നു. ബെൻ ഒന്നും പറഞ്ഞില്ല, തന്റെ ജോലി ചെയ്യുന്നതിൽ വിശ്വസിക്കുന്നു. ആ രീതിയിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകേണ്ട ആവശ്യമില്ലായിരുന്നു.”
ജോ റൂട്ടും പ്രസിദ്ധ് കൃഷ്ണയും തമ്മിലും വാക്കുതർക്കം ഉണ്ടായിരുന്നു.












