രാജ്യത്ത് ഭീകരാക്രമണസാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 2025 സെപ്തംബർ 22 നും ഒക്ടോബർ 2 നും ഇടയിൽ ഭീകരവാദികളിൽ നിന്നോ സാമൂഹ്യവിരുദ്ധരായ ആളുകളിൽ നിന്നോ ആക്രമണം ഉണ്ടാവാൻ സാധ്യതയുണ്ടെന്നായിരുന്നു രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.
2025 സെപ്റ്റംബർ 22-നും ഒക്ടോബർ രണ്ടിനും ഇടയിൽ സാമൂഹികവിരുദ്ധരായ ആളുകളിൽനിന്നോ ഭീകരസംഘടനകളിൽ നിന്നോ വിമാനത്താവളങ്ങളിൽ ആക്രമണം ഉണ്ടാകാം എന്നാണ് കേന്ദ്ര സുരക്ഷാ ഏജൻസിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, എയർഫീൽഡുകൾ, എയർഫോഴ്‌സ് സ്റ്റേഷനുകൾ, ഹെലിപാഡുകൾ തുടങ്ങിയ എല്ലാ വ്യോമയാന സ്ഥാപനങ്ങളിലും സുരക്ഷാ നടപടികൾ വർധിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നൽകുന്നു, ബിസിഎഎസ് പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.
പ്രാദേശിക പോലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ഇന്റലിജൻസ് ബ്യൂറോ (ഐബി), മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി അടുത്ത ബന്ധം പുലർത്തണമെന്നും വിമാനത്താവള സുരക്ഷാ ഉദ്യോസ്ഥരോട് ബിസിഎഎസ് നിർദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സുപ്രധാന വിവരങ്ങളോ ജാഗ്രതാ നിർദ്ദേശങ്ങളോ ലഭിച്ചാൽ അത് ബന്ധപ്പെട്ട എല്ലാവരുമായി ഉടനടി പങ്കുവെക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. മറ്റ് നടപടികളുടെ കൂട്ടത്തിൽ, എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദർശകരുടെയും തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കണമെന്നും എല്ലാ സിസിടിവി സംവിധാനങ്ങളും പ്രവർത്തനക്ഷമമാണെന്നും അവ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സുരക്ഷാ ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post