ജമ്മുകശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ വീരമൃത്യു വരിച്ചത്. ഏറ്റമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്.
കഴിഞ്ഞ ഒമ്പത് ദിവസമായി മേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരവാദികൾക്കെതിരായ ഓപ്പറേഷൻ അഖാൽ തുടരുകയാണ്. ഇതുവരെ 10 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായി ഇതുവരെ അഞ്ച് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിൽ മൂന്നുപേർ പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരവാദികളായിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് ദക്ഷിണ കശ്മീരിലെ അഖാലിൽ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്.
പാരാകമാൻഡോകളും സിആർപിഎഫും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് ഭീകരവിരുദ്ധ നീക്കം നടത്തുന്നത്. ഡ്രോണുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ ഒളിച്ചിരിക്കുന്ന ഭീകരവാദികളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.
Discussion about this post