മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വാക്കുമാറിയത് സംസ്ഥാന സർക്കാരാണെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ). അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിൽ കരാർ ലംഘനമുണ്ടായത് കേരള സർക്കാരിന്റെ ഭാഗത്ത് നിന്നാണെന്നാണ് എഎഫ്എയുടെ മാർക്കറ്റിംഗ് മേധാവി ലിയാൻഡ്രോ പീറ്റേഴ്‌സൺ പ്രതികരിച്ചു.
130 കോടി രൂപ എഎഫ്എ കേരളത്തിലെ സ്‌പോൺസറിൽ നിന്ന് വാങ്ങിയെന്നും എന്നിട്ടും കേരളം സന്ദർശിക്കുന്നതിൽ നിന്ന് പിൻമാറി അർജൻറീന ടീം കരാർ ലംഘനം നടത്തിയല്ലോ എന്നുമുള്ള മാദ്ധ്യമപ്രവർത്തകൻറെ ചോദ്യത്തിന് അങ്ങനെയല്ല, അതൊരിക്കലും ശരിയല്ലെന്നാണ് ലിയാൻഡ്രോ പീറ്റേഴ്‌സൺ പ്രതികരിച്ചത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരാണെന്നും പീറ്റേഴ്‌സൺ പറഞ്ഞു. ഇതു സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചെങ്കിലും പീറ്റേഴ്‌സൺ മറുപടി നൽകിയില്ല.
കരാർ ലംഘനം നടത്തിയത് എഎഫ്എ ആണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി എഎഫ്എ ആവശ്യപ്പെട്ട 130 കോടി രൂപ ജൂൺ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്‌പോൺസർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അർജന്റീന ടീമോ മെസിയോ ഇന്ത്യയിൽ എവിടെ കളിക്കണമെങ്കിലും ഇനി തങ്ങളുടെ അനുമതിയോടെ മാത്രമേ കഴിയൂവെന്നും കരാറുണ്ടാക്കിയത് തങ്ങളുമായാണെന്നും സ്പോൺസർ പറഞ്ഞിരുന്നു.
2024-ലാണ് അർജന്റീനിയൻ ടീമിനെയും മെസ്സിയെയും 2025ൽകേരളത്തിൽ എത്തിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ പ്രഖ്യാപിച്ചത് കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അർജന്റീനൻ ഫുട്ബോൾ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അന്ന് കായിക മന്ത്രി പറഞ്ഞത്.









Discussion about this post