ന്യൂഡൽഹി : ഇന്ത്യ ‘മോസ്റ്റ് വാണ്ടഡ്’ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്ന കുപ്രസിദ്ധ ആയുധക്കടത്തുകാരൻ ഷെയ്ഖ് സലിം എന്ന സലിം പിസ്റ്റൾ അറസ്റ്റിൽ. നേപ്പാളിൽ വെച്ച് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെയും മറ്റു നിരവധി പേരുടെയും മരണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുള്ള കുറ്റവാളിയാണ് ഷെയ്ഖ് സലിം.
സുരക്ഷാ ഏജൻസികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത നീക്കത്തിലൂടെയാണ് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ ഇയാളെ പിടികൂടിയത്. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന കുറ്റവാളിയാണ് ഷെയ്ഖ് സലിം. ഡൽഹിയിലെ സീലംപുരി സ്വദേശിയാണ്.
പാകിസ്താന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ), ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി എന്നിവയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കുറ്റവാളിയാണ് സലിം. ഹാഷിം ബാബ പോലുള്ള കുപ്രസിദ്ധ ഗുണ്ടാസംഘങ്ങൾക്ക് ആയുധങ്ങൾ എത്തിച്ചു നൽകുന്നതിൽ സലിമിന് പ്രധാന പങ്കുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു.









Discussion about this post