ഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകന്‍ പ്രൊഫ.എസ്.എ.ആര്‍ ഗിലാനിയ്‌ക്കെതിരെ പൊലീസ് കോടതിയില്‍.രാജ്യദ്രോഹ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രൊഫ.എസ്.എ.ആര്‍ ഗിലാനി അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പ്രസ് ക്ലബില്‍ സംസാരിച്ചത് രാജ്യവിരുദ്ധമായ കാര്യങ്ങളാണെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. ഗിലാനിയുടെ ജാമ്യാപേക്ഷയ കോടതി പരിഗണിച്ച സാഹചര്യത്തിലാണ് പോലിസ് ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. അതേ സമയം ഗിലാനിയുടെ ജാമ്യാപേക്ഷയുടെ കോപ്പി കിട്ടാത്തതിനാല്‍ ഇന്ന് വാദത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായ പബ്ലിക പ്രോസിക്യൂട്ടര്‍ അറിയിച്ചു.
ഗിലാനിയ്‌ക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉള്ളതെന്നും ഗിലാനി പറഞ്ഞത് രാജ്യത്തിനെതിരായ കാരണങ്ങളാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രസ് ക്ലബിലെ പരിപാടിയുടെ വീഡിയോ ഫൂട്ടേജില്‍ നിന്നാണ് കേസ് ഉയര്‍ന്നുവന്നതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റേയും 80കളില്‍ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട വിഘടനവാദി നേതാവ് മഖ്ബൂല്‍ ഭട്ടിന്റേയും ചിത്രങ്ങളുള്ള ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതായാണ് ആരോപണം. പരിപാടിക്ക് പ്രസ് ക്ലബ് ഹാള്‍ ബുക്ക് ചെയ്തത് ഗിലാനിയാണെന്ന് പൊലീസ് പറയുന്നു. മറ്റൊരു ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകനായ പ്രൊഫ.അലി ജാവേദിന് എതിരെയും കേസുണ്ട്. ഫെബ്രുവരി 16നാണ് ഗിലാനിയെ അറസ്റ്റ് ചെയ്തത്. 19ന് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.ഇന്നലെയും വാദം മാറ്റി വയ്ക്കുകയാണുണ്ടായതെന്ന് ഗിലാനിയുടെ അഭിഭാഷകന്‍ സതീഷ് താംത ചൂണ്ടിക്കാട്ടി. നാളെ കോടതി ചേരുമ്പോള്‍ ആദ്യം തന്നെ ഹര്‍ജി പരിഗണിയ്ക്കാമെന്ന് കോടതി ഉറപ്പ് നല്‍കി.
Discussion about this post