ന്യൂഡൽഹി : ഇന്ത്യ 79-ാമത് സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോൾ ജമ്മു കശ്മീരിൽ എട്ട് വർഷത്തിന് ശേഷം ത്രിവർണ്ണ പതാക ഉയർത്തി മുഖ്യമന്ത്രി ഒമർ അബ്ദുള്ള. 2017 ന് ശേഷം തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി ആദ്യമായാണ് ദേശിയ പതാക ഉയർത്തുന്നത്. ബക്ഷി സ്റ്റേഡിയത്തിലാണ് ഈ ചരിത്ര നിമിഷം നടന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കഴിഞ്ഞ വർഷങ്ങളിൽ, ഗവർണർമാരും ലെഫ്റ്റനന്റ് ഗവർണർമാരും ആയിരുന്നു ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തിയിരുന്നത്.
ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന പ്രതീക്ഷ മങ്ങുകയാണെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഒമർ അബ്ദുള്ള സൂചിപ്പിച്ചു. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമോ എന്ന കാര്യം കേന്ദ്രസർക്കാർ ആണ് തീരുമാനിക്കേണ്ടത് എന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ എട്ടാഴ്ചക്കുള്ളിൽ കേന്ദ്രസർക്കാർ മറുപടി സുപ്രീംകോടതിയെ അറിയിക്കണം എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തീരുമാനിക്കുമ്പോൾ പഹൽഗാമും പരിഗണിക്കണമെന്ന സുപ്രീം കോടതിയുടെ പരാമർശം നിർഭാഗ്യകരമാണ് എന്ന് ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ ലഭിച്ചേക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ആ സാധ്യതകൾ മങ്ങുന്നതായി തോന്നുന്നു എന്ന് ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു. എങ്കിലും ശുഭാപ്തിവിശ്വാസം കൈവിടുന്നില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അടുത്ത എട്ട് ആഴ്ചകളിൽ തന്റെ സംഘം വീടുവീടാന്തരം പോയി സംസ്ഥാന പദവിയെ പിന്തുണച്ച് ഒപ്പുകൾ ശേഖരിക്കുമെന്നും തുടർന്ന് സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നും ഒമർ അബ്ദുള്ള സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.
Discussion about this post