തിരുവനന്തപുരം : മദ്യനിരോധനം അല്ല മദ്യവർജനം ആണ് ലക്ഷ്യം എന്നായിരുന്നു അധികാരത്തിലേറുന്ന സമയത്ത് എൽഡിഎഫ് സർക്കാർ വ്യക്തമാക്കിയിരുന്നത്. ഈ മദ്യവർജന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാനത്ത് പുതിയ പഞ്ച നക്ഷത്ര കള്ള് ഷാപ്പുകൾ കൂടി ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ പദവികളിൽ പുതിയ കള്ള് ഷാപ്പുകൾ ആരംഭിക്കുന്നതിനായി ടോഡി ബോര്‍ഡ് ടെൻഡർ ക്ഷണിച്ചു.
ടൂറിസം മേഖലകൾ കേന്ദ്രീകരിച്ചാണ് പഞ്ചനക്ഷത്ര കള്ള് ഷാപ്പുകൾ ആരംഭിക്കുന്നത്. വെവ്വേറെ കെട്ടിടങ്ങളിലായി ഷാപ്പും റസ്റ്റോറന്റും പ്രവർത്തിക്കുന്ന രീതിയിലാണ് നിർമ്മാണം നടത്തേണ്ടത്. 20 സീറ്റുകളും, 400 ചതുശ്ര ഏരിയയുമാണ് ഷാപ്പുകള്‍ക്ക് ഉണ്ടാകേണ്ടത്. ശുചിമുറികളും കുട്ടികൾക്കുള്ള പാർക്കും ഉണ്ടാകണമെന്നും വ്യവസ്ഥയുണ്ട്.
സ്ഥലസൗകര്യം ഉള്ളവരിൽ നിന്നും ടെൻഡർ ക്ഷണിക്കുന്നതായി ടോഡി ബോര്‍ഡ് വ്യക്തമാക്കി. സെപ്റ്റംബർ 30 വരെ അപേക്ഷ സമർപ്പിക്കാൻ കഴിയുന്നതാണ്. സ്വന്തമായി സ്ഥലമുള്ളവർക്കോ സ്ഥലം പാട്ടത്തിന് എടുത്തവർക്കോ അപേക്ഷിക്കാം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും അപേക്ഷിക്കാൻ കഴിയുന്നതാണ്. അപേക്ഷകളിൽ ബോർഡ് പരിശോധന നടത്തിയ ശേഷം ആയിരിക്കും സ്റ്റാർ പദവി നൽകുക.
Discussion about this post