ന്യൂഡൽഹി : ദേശീയ തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിക്കൊണ്ട് രണ്ട് പ്രധാന ദേശീയപാത പദ്ധതികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചു. ദ്വാരക എക്സ്പ്രസ് വേ, അർബൻ എക്സ്റ്റൻഷൻ റോഡ് UER-II എന്നിവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഡൽഹിയുടെ വികസനത്തിനായി ബിജെപി നിരന്തരമായി പരിശ്രമിക്കുമെന്നും മോദി വ്യക്തമാക്കി. ഉദ്ഘാടനത്തിനുശേഷം ദേശീയപാത നിർമ്മാണ തൊഴിലാളികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
നേരത്തെ ഡൽഹി ഭരിച്ചിരുന്ന ആം ആദ്മി സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിൽ ഉന്നയിച്ചത്. ഡൽഹിയുടെ വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികൾ ആയിരുന്നു ആം ആദ്മി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിക്കും ഹരിയാനയ്ക്കും ഇടയിൽ ശത്രുത സൃഷ്ടിക്കാൻ ആയിരുന്നു ആം ആദ്മി പാർട്ടി എപ്പോഴും ശ്രമിച്ചിരുന്നത് എന്നും അദ്ദേഹം വിമർശിച്ചു.
ഹരിയാനയിലുള്ളവർക്കെതിരെ ഡൽഹിയിലെ ജനങ്ങളെ ഇളക്കിവിടാൻ അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടി ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. അതിന് യമുനാ നദിയെ പോലും ആം ആദ്മി പാർട്ടി ആയുധമാക്കി. “ജനങ്ങളുടെ വിശ്വാസത്തിൽ നിന്നും അടിസ്ഥാന യാഥാർത്ഥ്യങ്ങളിൽ നിന്നും അവർ പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഡൽഹിയിലെയും ഹരിയാനയിലെയും ജനങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിച്ച് അവരെ പരസ്പരം എതിർക്കാൻ ശ്രമിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും. ഹരിയാനയിലെ ജനങ്ങൾ ഡൽഹിയിലെ വെള്ളത്തിൽ വിഷം കലർത്തുകയാണെന്ന് പോലും പറയപ്പെട്ടിരുന്നു. ഇന്ന് ഡൽഹിയും മുഴുവൻ എൻസിആറും അത്തരം നിഷേധാത്മക രാഷ്ട്രീയത്തിൽ നിന്ന് മോചിതരായിരിക്കുന്നു,” എന്നും മോദി വ്യക്തമാക്കി.
Discussion about this post