പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിപ്പെട്ട സ്ത്രീകളെ അധിക്ഷേപിച്ച് വി കെ ശ്രീകണ്ഠൻ എംപി. ആരോപണം ഉന്നയിച്ച പെൺകുട്ടി അർധ വസ്ത്രം ധരിച്ചു. മന്ത്രിമാർക്കൊപ്പം ഉള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പരാതിക്കാരിയുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണം. ആരെങ്കിലുമൊക്കെ എന്തെങ്കിലും പറയുന്നത് കേട്ട് രാജിവെക്കാൻ കഴിയുമോ എന്നും വി കെ ശ്രീകണ്ഠൻ എംപി ചോദ്യമുന്നയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരും ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല എന്നും വി കെ ശ്രീകണ്ഠൻ ന്യായീകരിച്ചു. പുറത്തുവന്ന ശബ്ദ സന്ദേശം പോലും രാഹുലിന്റെതാണെന്ന് എങ്ങനെയാണ് ഉറപ്പിക്കുന്നത്? ഇപ്പോൾ എഐ വീഡിയോ ഒക്കെ ഇറങ്ങുന്ന കാലമാണ്. മാധ്യമങ്ങൾ ഫോറൻസിക് വിദഗ്ധർ ഒന്നുമല്ലല്ലോ. മൂന്നരവർഷം മുമ്പ് നടന്നുവെന്ന് പറയുന്ന കാര്യത്തിന് ഇപ്പോഴെന്ത് കൊണ്ട് പരാതി വന്നുവെന്ന് അന്വേഷിക്കണം, എന്നും വി കെ ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു.
പുറത്തുവരുന്ന കാര്യങ്ങൾ ഓരോരുത്തരുടേയും വെളിപ്പെടുത്തൽ മാത്രമാണ്. അവരുടെ ഗൂഢാലോചന, രാഷ്ട്രീയം എല്ലാം പുറത്തുവരാൻ ഇരിക്കുന്നതേയുള്ളൂ. പരാതി പറയുന്നവർ അർദ്ധ വസ്ത്രവും ധരിച്ച് മന്ത്രിമാരെയൊക്കെ കെട്ടിപ്പിടിച്ചുനിൽക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഈ ആരോപണങ്ങളുടെയൊക്കെ പിന്നിൽ ആരാണ് എന്നുള്ള കാര്യം പുറത്തു വരണമെന്നും വി കെ ശ്രീകണ്ഠൻ എംപി അഭിപ്രായപ്പെട്ടു.
Discussion about this post